കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 11 കണ്ടെയ്ൻമെന്റ് സോൺ; ജില്ലയിൽ ഇന്ന് 12 പേർക്ക് കൊവിഡ്

കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 11 കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തോപ്പുംപടിയാണ് ഈ പ്രദേശം. 11-ാം നമ്പർ ഡിവിഷൻ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രമാകും ഇളവ്. അടിയന്തര സാഹചര്യമൊഴികെയുള്ള യാത്രകൾ അനുവദിക്കുന്നതല്ല. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നടപ്പിലാകും.
എറണാകുളത്ത് ഇന്ന് 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 20 ന് റിയാദ് -കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി, ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ള ടിഡി റോഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകൻ (26 വയസ്സ്), മരുമകൾ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ജൂൺ 28 ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതേ ആശുപത്രിയിൽ ചികിത്സയിലാണ്.
എറണാകുളം മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുകയാണ്. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 26 പേരുടെ സാമ്പിളുകൾ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരിക്കുന്നത് നാളെയും തുടരും. ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു.
Story Highlights- cochin corporation 11th division declared as containment zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here