‘കാണാതായ പതിനഞ്ച് കോടിയുടെ ഉത്തരവാദി മഹേശൻ’; ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി

എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെതിരെ ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി. കാണാതായ പതിനഞ്ച് കോടിയുടെ ഉത്തരവാദി മഹേശനാണെന്ന് തുഷാർ ആരോപിച്ചു. മരണക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി തട്ടാൻ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തി. ഭീഷണിപ്പെടുത്തി സാമ്പത്തിക ക്രമക്കേടിൽ നിന്നൊഴിയാനാണ് മഹേശൻ ആദ്യം ശ്രമിച്ചതെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു.

അതിനിടെ കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. മഹേശൻ തൂങ്ങി മരിച്ച യൂണിയൻ ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന കുറിപ്പാണ് പുറത്തുവന്നത്. വെള്ളാപ്പള്ളി നടേശനും അശോകനുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയൻ നേതാക്കന്മാർക്ക് വേണ്ടി ഹോമിക്കുന്നു എന്ന് കുറിപ്പിലുണ്ട്.

read also: ‘വെള്ളാപ്പള്ളി നടേശന് വേണ്ടി പീഡിപ്പിക്കപ്പെടുന്നവർക്ക് ജീവിതം ഹോമിക്കുന്നു’; മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മഹേശന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മഹേശന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്ന് കുടുംബം ആരോപിച്ചിരുന്നു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരേയും കുടുംബം ആരോപണം ഉന്നയിച്ചു. മഹേശനെ കേസിൽ കുടുക്കാൻ ടോമിൻ തച്ചങ്കരി ശ്രമിച്ചെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.

Story highlights- Thushar vellappally, SNDP, K K Maheshan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top