നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനം; 2679 വിദേശികളുടെ വിസ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 2679 വിദേശികളുടെ വിസ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ഇതിൽ 2765 പേരെ കരിമ്പട്ടികയിൽപ്പെടുത്തി. 227 വിദേശികൾ രാജ്യം വിട്ടു. 1906 ലുക്ക് ഔട്ട് സർക്കുലറുകൾ ഇറക്കി. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് പതിനൊന്ന് സംസ്ഥാനങ്ങളിലായി 205 എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്തുവെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രനടപടിക്കെതിരെ 34 വിദേശികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജികൾ ജൂലൈ പത്തിന് പരിഗണിക്കാനായി മാറ്റി.

കരിമ്പട്ടികയിൽപ്പെടുത്തിയതിന്റെ വസ്തുതകൾ വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് കോടതി കഴിഞ്ഞ തവണ നിർദേശം നൽകിയിരുന്നു. വിസ റദ്ദാക്കിയിട്ടുണ്ടോയെന്നും ആരാഞ്ഞിരുന്നു. മർകസിൽ പങ്കെടുത്ത വിദേശികളെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയത് തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള നടപടി, സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് വിദേശികൾ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിദേശികൾ എന്തുകൊണ്ടാണ് രാജ്യത്ത് ഇപ്പോഴും തുടരുന്നതെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. വിസ റദ്ദാക്കിയിട്ടുണ്ടോയെന്നും ആരാഞ്ഞു. നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. എല്ലാ കേസുകളിലും ഡൽഹി പൊലീസിന്റെ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് ശ്രമമെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

Story highlight: Nizamuddin Tabligh Conference; 2679 foreigners visa revoked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top