Advertisement

കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നു: രമേശ് ചെന്നിത്തല

July 2, 2020
Google News 1 minute Read

കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നാട് കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ഒരുമിച്ച് നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തത്തെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കും. ഇതിനെ സുവര്‍ണാവസരമായി കണ്ടുകൊണ്ട് ആരും ഒന്നും ചോദിക്കില്ലെന്ന് കരുതി അഴിമതി നടത്തുകയാണ്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. കണ്ണൂംപൂട്ടിയിരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സര്‍ക്കാര്‍ എല്ലാത്തിനും കണ്‍സള്‍ട്ടന്‍സികളെ ഏല്‍പിക്കുകയാണ്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള ലണ്ടന്‍ ആസ്ഥാനമായുള്ള പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഒപ്പിട്ടാല്‍ മാത്രം മതി. സെക്രട്ടേറിയറ്റില്‍ നിലവിലുള്ള അസിസ്റ്റന്റുമാര്‍ ഇത്തരം ജോലികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാത്തവരാണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. പിഡബ്യുസിയുടെ ഒരു ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കണമെന്ന ഫയല്‍ ഒരു വര്‍ഷം മുന്‍പാണ് എത്തിയത്. അതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പിഡബ്ല്യൂസിയുടെ നാല് ഉദ്യോഗസ്ഥരായിരിക്കും ഈ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

സംസ്ഥാന ഭരണത്തിന്റെ ഉന്നത തലത്തില്‍ നില്‍ക്കുന്ന ചീഫ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കിയാണ് പിഡബ്ല്യുസി ജീവനക്കാരെ നിയമിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ എത്രയോ മിടുക്കരായ ഉദ്യോഗസ്ഥരെ കണ്ടെത്താമായിരുന്നു. അതെല്ലാം മാറ്റിവച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ കുറിപ്പ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുടെ അടുത്ത് എത്തിയിരിക്കുന്നത്.

ഒരു വിദേശ കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കുന്നത് ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുമായിരുന്നില്ലേ. സെക്രട്ടേറിയറ്റില്‍ ദേശീയ പതാകയ്ക്ക് ഒപ്പം പിഡബ്യുസിയുടെ ലോഗോ വന്നാലും അത്ഭുതപ്പെടാനില്ല. ചീഫ് സെക്രട്ടറി കാണണമെന്ന് ഫയലില്‍ എഴുതിയത് മുഖ്യമന്ത്രിയാണ്. അത് സാധാരണ നടപടി ക്രമം മാത്രമാണ്.

പക്ഷേ ചീഫ് സെക്രട്ടറി എന്താണ് മറുപടിയായി എഴുതിയത് എന്ന് മുഖ്യമന്ത്രി എന്തുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞില്ല. ചീഫ് സെക്രട്ടറി നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നാണ് ചോദിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പ് സെക്രട്ടറി ചോദിച്ചിരിക്കുന്നത് ഇതിനുള്ള പണം എവിടെനിന്ന് ലഭിക്കുമെന്നാണ്. മുഖ്യമന്ത്രി ഈ രണ്ടുകാര്യങ്ങള്‍ക്കും മറുപടി പറഞ്ഞില്ല. ഉത്തരംമുട്ടിയപ്പോള്‍ സ്വന്തം കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ധനകാര്യമന്ത്രിയും ചീഫ് സെക്രട്ടറിയും നടപ്പാക്കാന്‍ പറ്റില്ലെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: ramesh chennithala press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here