എസ്ഡിപിഐ മുസ്ലിം വിഭാഗത്തിലെ ആര്‍എസ്എസ്; യുഡിഎഫ് – എസ്ഡിപിഐ കൂട്ട് എല്‍ഡിഎഫിനെ നേരിടാനാവാത്തത് കൊണ്ട് : കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫിനെ നേരിടാനാവില്ല എന്ന ബോധ്യത്തിലാണ് യുഡിഎഫ് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐ, വെല്‍ഫയര്‍ ബന്ധത്തിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. ജമാഅത്ത്, എസ്ഡിപിഐ കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ മുസ്ലിം തീവ്രവാദ കക്ഷികളുമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമായി യുഡിഎഫ് മാറുമെന്നും കോടിയേരി പറഞ്ഞു. മുസ്ലിം വിഭാഗിത്തിലെ ആര്‍എസ്എസ് ആണ് എസ്ഡിപിഐയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫിന്റേത് താത്ക്കാലിക ലാഭത്തിന് വേണ്ടിയുള്ള കൂട്ടുകെട്ടാണെന്ന് തുറന്നടിച്ച കോടിയേരി ലീഗിന്റെ നീക്കത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറായില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറയുന്നു. ഈ കൂട്ടുകെട്ട് ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കുമെന്നും ഇത് ആര്‍എസ്എസ് നിലപാടുകള്‍ക്ക് ശക്തി പകരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘എരിതീയില്‍ എണ്ണയൊഴിച്ചു കൊടുക്കുന്ന പോലെയാണ് ഈ നീക്കം. മതനിരപേക്ഷ കൂട്ടായ്മകള്‍ വിപുലീകരിക്കണം. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കരുത്. അതിന് പഴുത് കൊടുക്കരുത്. എല്‍ഡിഎഫിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തണം’ കോടിയേരി പറഞ്ഞു.

യുഡിഎഫ് പ്രതിസന്ധിയിലാണ്. ജോസ് വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആയിരുന്നു മുന്നണിയുടെ ഉദ്ദേശം. പാര്‍ട്ടി വരുതിയില്‍ നിന്നുകൊള്ളും എന്നു പ്രതീക്ഷിച്ചു. എന്നാല്‍ ജോസ് വിഭാഗം മറ്റൊരു നിലപാടെടുത്തു. ചെന്നിത്തലയും കൂട്ടരും ഹെഡ്മാസ്റ്ററും കുട്ടിയും കളിക്കുകയാണോയെന്നും ലീഗിനോടും ജോസിനോടും മറ്റൊരു സമീപനമാണ് മുന്നണിയെടുക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Story Highlights: Kodiyeri Balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top