ഡൽഹിയിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ജൂനിയർ ഡോക്ടർ മരിച്ചു

ഡൽഹിയിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ജൂനിയർ ഡോക്ടർ മരിച്ചു. ഡൽഹി മൗലാന അസദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ജൂനിയർ ഡോക്ടറായിരുന്ന അഭിഷേക്(27) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഓറൽ സർജറി വിഭാഗത്തിലായിരുന്നു അഭിഷേക് ജോലി ചെയ്തിരുന്നത്. സ്വദേശമായ റോത്തക്കിലേക്ക് പോയി വന്ന ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് ചെസ്റ്റ് സ്പെഷ്യലിസ്റ്റിനെ സമീപിച്ചു. എക്സറേ എടുത്തതിന് ശേഷം നെഞ്ചിൽ ഇൻഫെക്ഷൻ ഉണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ചെസ്റ്റ് ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ മാത്രമല്ല ഇതെന്നും ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും അഭിഷേക് പറഞ്ഞിരുന്നതായി സഹോദരൻ അമാൻ വ്യക്തമാക്കുന്നു.
read also: കോഴിക്കോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടി
ജൂൺ അവസാനമാണ് അഭിഷേകിന് ആദ്യ കൊവിഡ് പരിശോധന നടത്തിയത്. തുടർന്ന് ജൂലൈ ഒന്നിന് രണ്ടാമതും പരിശോധന നടത്തി. രണ്ടും നെഗറ്റീവായിരുന്നു. വ്യാഴാഴ്ച രാവിലെ പനി കൂടി അഭിഷേക് ബോധരഹിതനായി. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച അഭിഷേക് പിന്നീട് മരിക്കുകയായിരുന്നു. തനിക്ക് കൊവിഡാണെന്നായിരുന്നു അവസാന നിമിഷം വരെ അഭിഷേക് വിശ്വസിച്ചിരുന്നത്. അതേസമയം, അഭിഷേകിന്റെ മരണ കാരണം വ്യക്തമായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
story highlights- coronavirus, delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here