കെ കെ മഹേശന്റ ആത്മഹത്യ; തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്എൻഡിപി വൈസ് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും. ഇന്ന് വൈകുന്നേരമാണ് തുഷാറിനെ ചോദ്യം ചെയ്യുക. വൈകിട്ട് തുഷാറിന്റെ വീട്ടിൽ അന്വേഷണ സംഘമെത്തും.
വൈകിട്ട് അഞ്ചരക്കാണ് ചോദ്യം ചെയ്യൽ. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് മാരാരിക്കുളം പൊലീസ് തുഷാറിനെ ചോദ്യം ചെയ്യുക. അതേസമയം വെള്ളാപ്പള്ളി നടേശന് എതിരെ ശ്രീ നാരായണ സേവാ സംഘം രക്ഷാധികാരി പ്രൊ. കെ കെ സാനു യോഗം വിളിച്ചു ചേർത്തു.
Read Also: ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് : മുഖ്യ പ്രതിയുടെ ഭാര്യ മുൻകൂർ ജാമ്യാപേക്ഷ നൽകി
ഇന്നലെ എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് മുൻപ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളെ മുൻനിർത്തിയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യൽ. നാല് മണിക്കൂറോളം വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു. മഹേശന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളിൽ പറയുന്ന സാമ്പത്തിക തിരിമറി, മാനസിക പീഡനം എന്നിവയെ കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞു. നൂറിൽ അധികം കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ആരോപണങ്ങൾ എല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശൻ തന്റെ വിശ്വസ്തനായിരുന്നു എന്നും, നല്ല ബന്ധമായിരുന്നുവെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. കേസ് അന്വേഷണം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
kk maheshan, thushar vellapally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here