Advertisement

‘ഡാൻസ് പഠിക്കാൻ ഒൻപത് മാസമെടുത്തു; കാത്തിരുന്നത് രണ്ട് വർഷം’; സുജാതയുടെ ‘സൂഫി’ മനസ് തുറക്കുന്നു

July 4, 2020
Google News 2 minutes Read

ദേവ് മോഹൻ/ രതി വി.കെ

മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പ്രത്യേകതയോടെ എത്തിയ സൂഫിയും സുജാതയും പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. ആദ്യ സിനിമയിൽ തന്നെ ടൈറ്റിൽ കഥാപാത്രമായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ദേവ് മോഹൻ. ദേവിനെ സംബന്ധിച്ചിടത്തോളം സൂഫിയും സുജാതയും ഒരു അനുഭവമായിരുന്നു. രണ്ട് വർഷത്തോളമാണ് സിനിമക്ക് വേണ്ടി ദേവ് കാത്തിരുന്നത്. ആദ്യ സിനിമാ അനുഭവവും കഥാപാത്രത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ദേവ് മോഹൻ.

ആദ്യ സിനിമ, സൂഫിയും സുജാതയിലേക്ക്

2018 ൽ സുഹൃത്തുക്കൾ വഴിയാണ് സിനിമയുടെ കാസ്റ്റിം​ഗ് കോൾ ലഭിക്കുന്നത്. ഒന്ന് ശ്രമിച്ച് നോക്കാൻ പറഞ്ഞ് അവർ അയച്ചുതരികയായിരുന്നു. അന്നു തന്നെ ഒരു പ്രൊഫൈൽ തയ്യാറാക്കി ഫ്രൈഡേയിലേക്ക് അയച്ചു കൊടുത്തു. ഒരുപാട് എൻട്രികൾ ഉണ്ടായിരുന്നു. അതിൽ നിന്ന് ഷോട്ട് ലിസ്റ്റ് ചെയ്തതിൽ എന്റെ പ്രൊഫൈലും ഉൾപ്പെട്ടു. പിന്നീട് വിജയ് ബാബു സാറിനെ നേരിട്ട് കണ്ടു. രണ്ടാമത് ക്യാമറവച്ച് ഒരു ഓഡിഷൻ കൂടി ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെ കൊച്ചിയിൽ എത്തി. ആദ്യമായാണ് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ പോകുന്നത്. അവിടെ വച്ച് സംവിധായകൻ ഷാനാവാസ് ഇക്കയെ പരിചയപ്പെട്ടു. ഓഡിഷന്റെ ഭാ​ഗമായി സിനിമയിലെ തന്നെ ഒന്നു രണ്ട് സീനുകൾ ചെയ്ത് കാണിക്കാൻ പറഞ്ഞു. അതിന് ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. അങ്ങനെയാണ് സൂഫിയും സുജാതയിലേക്ക് വരുന്നത്.

സൂഫിക്ക് വേണ്ടി രണ്ട് വർഷം

സൂഫിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ എന്നല്ല, എവിടെയും സൂഫിക്ക് ഒരു മുഖമില്ല എന്നുള്ളതാണ്. സൂഫിക്ക് വേണ്ടി കുറേ പഠിക്കേണ്ടി വന്നു. കഥാപാത്രത്തെ കുറിച്ച് ഷാനാവാസ് ഇക്കയുടെ മനസിൽ കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. സൂഫിയും സൂഫിസവും എന്താണെന്നും അവർ ചെയ്യുന്ന ഡാൻസ് എങ്ങനെയാണെന്നുമെല്ലാം മനസിലാക്കണമായിരുന്നു. 25 വർഷത്തോളം അതിൽ ജീവിക്കുന്ന ആളാകാൻ സാധിക്കണം. ശ്വസിക്കുമ്പോൾ പോലും ആ ഒരു ഫീൽ ലഭിക്കണം. എന്നാൽ മാത്രമാണ് പ്രേക്ഷകരുടെ മനസിലേക്ക് ആഴത്തിൽ ഇറങ്ങാൻ സാധിക്കൂ. ഇതെല്ലാം സംവിധായകൻ പറഞ്ഞു തന്നിരുന്നു.

സൂഫിയും എന്റെ ക്യാരക്ടറുമായി വളരെ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സമയം എടുത്താണ് സൂഫിയെ ഉൾക്കൊണ്ടത്. കഥാപാത്രത്തിന് വേണ്ടി കൂടുതൽ അറിയാൻ ശ്രമിച്ചു. അതിന് വേണ്ടി അജ്മീർ ദർഗ സന്ദർശിക്കുകയുണ്ടായി. അവിടെ സൂഫിസവുമായി ബന്ധപ്പെട്ട് അധികം ആളുകളെ കണ്ടെത്താൻ സാധിച്ചില്ല. ഒൻപത് മാസമെടുത്താണ് സൂഫി ഡാൻസ് പഠിച്ചത്. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. യൂട്യൂബിൽ വീഡിയോ കണ്ട്, സ്വയം പരിശ്രമിച്ച് ഡാൻസ് പഠിച്ചെടുത്തു. ഇത് പകർത്തി ഷാനാവാസ് ഇക്കയ്ക്കും വിജയ് ബാബു സാറിനും അയച്ചു കൊടുത്തിരുന്നു. തെറ്റുണ്ടെങ്കിൽ അവർ തിരുത്തി തരും. സിനിമയ്ക്ക് വേണ്ടി രണ്ടര മിനിട്ടോളം ദൈർഘ്യമുള്ള ഡാൻസ് ചെയ്തിട്ടുണ്ട്.

കഥാപാത്രത്തിന് വേണ്ടി മുടിയും താടിയും നീട്ടി വളർത്തണമായിരുന്നു. അതിന് വേണ്ടി കുറേ സമയം വേണ്ടി വന്നു. ഓഫീസിലൊക്കെ ഇതേപ്പറ്റി പലരും ചോദിച്ചെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. രണ്ട് വർഷത്തോളമാണ് സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. മുടിയൊക്കെ വളർത്തിയ എന്നെ കാണുമ്പോൾ ഒരു ഘട്ടത്തിൽ എനിക്ക് തന്നെ നിരാശ തോന്നിയിട്ടുണ്ട്. ആ സമയത്തൊക്കെ വിജയ് ബാബു സാർ പ്രചോദനമായി. ‘ഒന്നുകൊണ്ടും വിഷമിക്കേണ്ട, ക്ഷമ ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയ് സാറിന്റെ വാക്കുകൾ ആത്മവിശ്വാസം പകരുന്നതായിരുന്നു. എത്രയായാലും കാത്തിരിക്കാമെന്ന് മനസിൽ ഉറപ്പിച്ചു.

ടൈറ്റിൽ ക്യാരക്ടർ, പ്രണയനായകൻ

ടൈറ്റിൽ ക്യാരക്ടർ എന്ന പ്രഷർ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ സൂഫിയാണ് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ എന്റെ ആദ്യ സിനിമ ആയതുകൊണ്ടാകാം. ആർക്കും വലിയ പ്രതീക്ഷ ഒന്നും ഇല്ലാത്തതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. പഠിച്ചത് ചെയ്യുക, സംവിധായകൻ പറയുന്നത് കേൾക്കുക എന്നത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും സഹായിച്ചു.

ഒരിക്കൽ സെറ്റിൽ വച്ച് സംസാരിക്കുന്നതിനിടെ വിജയ് ബാബു സാർ ആർ യു കോൺഫിഡന്റ് എന്ന് ചോദിച്ചു. അതിന് യെസ് എന്ന് ഉത്തരമുണ്ടായിരുന്നു. അഭിനയിക്കാൻ പറ്റുമോന്ന് അപ്പോഴും അറിയില്ലായിരുന്നു. കാരണം ക്യാമറയ്ക്ക് മുന്നിൽ മുൻ പരിചയമില്ല. പക്ഷേ, എന്ത് പറഞ്ഞാലും ചെയ്യാൻ തയ്യാറായിരുന്നു.

ദേവും അതിഥിയും

സിനിമയിൽ അതിഥി റാവുവുമായിട്ടായിരുന്നു കൂടുതൽ കോമ്പിനേഷൻ സീനുകൾ. അതിഥിയുടെ പദ്‌വാമദും കാട്ര് വെളിയിതേയും കണ്ടിട്ടുണ്ട്. അതിഥിയെ പരിചയപ്പെടുക, കൂടെ അഭിനയിക്കുക എന്നതൊക്കെ സ്വപ്‌ന തുല്യമായ അവസരമായിട്ടാണ് കരുതുന്നത്. അതിഥിയോട് തുടക്കത്തിൽ തന്നെ ഇതെന്റെ ആദ്യ സിന‌ിമയാണ്, ഹെൽപ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിഥി ഫ്രണ്ട്ലി ആയി കൂടെ നിന്നു. തെറ്റുമെന്നുള്ള പേടിയൊന്നും വേണ്ട, സമയമെടുത്ത് സമാധാനാത്തോടെ ചെയ്താൽ മതിയെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്യും. അതുകൊണ്ടുതന്നെ അതിഥിയുമായുള്ള കോമ്പിനേഷൻ സീനുകൾ എളുപ്പമായിരുന്നു.

ജയേട്ടൻ വിളിച്ചു, നന്നായിരുന്നുവെന്ന് പറഞ്ഞു

സിനിമ കണ്ട് എന്നെ ആദ്യം വിളിക്കുന്നത് ജയേട്ടനാണ്. അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരാൾ അഭിനയം കൊള്ളാമെന്ന് പറഞ്ഞപ്പോൾ കുറച്ചു കൂടി കോൺഫിഡൻസ് ആയി. പിന്നെയും കുറേ പേർ വിളിച്ചു. പലരും മെസേജ് അയച്ചു. ഒരു ഫീൽ ​ഗുഡ് സിനിമ എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

ഒടിടി പ്ലാറ്റ്ഫോം

സൂഫിയും സുജാതയും തിയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. അത് സിനിമ കാണുമ്പോൾ മനസിലാകും. നിലവിലെ സാഹചര്യത്തിൽ ഒരു സിനിമയും തീയറ്ററിലെത്തിക്കാൻ സാധിക്കില്ല. അതിന് മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ഒടിടി റിലീസ് ശരിയായ തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം. കൂടുതൽ ആളുകളിലേക്ക് എത്താൻ ഒടിടി പ്ലാറ്റ്ഫോം നല്ലതാണ്.

സിനിമയോട് ഇഷ്ടം

സിനിമ ഒരുപാട് ഇഷ്ടമാണ്. ചെറുപ്പം മുതൽ സിനിമ കാണാറുണ്ട്. തിയേറ്ററിൽ പോയി തന്നെ സിനിമ കാണാൻ സമയം കണ്ടെത്താറുണ്ട്. അല്ലാതെയും സിനിമകൾ കാണും. ആഴ്ചയിൽ നാലോ അഞ്ചോ സിനിമകൾ വരെ കാണാറുണ്ട്. സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഒരു കുടുംബത്തിൽ നിന്ന് വരുന്ന ആളാണ് ഞാൻ. പക്ഷേ ആക്ടിം​ഗ് ബാക്ക്​ഗ്രൗണ്ടൊന്നുമില്ല. സ്കൂളിലും കോളജിലുമൊക്കെ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതല്ലാതെ അഭിനയിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടു തന്നെ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കും. സിനിമയോടുള്ള ഇഷ്ടം കൂടിയാണ് അഭിനയിക്കണമെന്ന ആ​ഗ്രഹം തോന്നിത്തുടങ്ങിയത്.

ഈ ‘സൂഫി’ തൃശൂർകാരൻ

തൃശൂരാണ് സ്വദേശം. ബം​ഗളൂരു കേന്ദ്രീകരിച്ചുള്ള എംഎൻസിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി നോക്കുന്നു.

ചിത്രം കടപ്പാട്- ജിതിൻ എ ശങ്കർജി

Story highlights- Sufiyum Sujathayum, Dev Mohan, Aditi Rao, Jayasurya, Vijay Babu, Naranipuzha shanavas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here