ഇന്നത്തെ പ്രധാന വാർത്തകൾ (04-07-2020)

കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം
കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം. പണം ഇല്ലെങ്കില്‍ കടം എടുത്ത് എങ്കിലും കുടിശിക നല്‍കണമെന്ന് സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തൊട് ആവശ്യപ്പെട്ടു. 5200 കോടി രൂപ ആണ് കേരളത്തിന് കിട്ടാനുള്ളത്.
കൊവിഡ് ആശങ്കയിൽ കൊച്ചി; ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചിയിൽ സ്ഥിതി രൂക്ഷം. കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യം : ഐഎംഎ
സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് 24 നോട്. കേരളത്തിൽ ഉറവിടമറിയാത്ത കേസുകൾ വർധിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകരുടെ ടെസ്റ്റ് വർധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകൾ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.
‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലുമൊരു മുന്നണിയിൽ കടക്കും’: പിസി ജോർജ്
പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചന. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പിസി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പോസിറ്റീവ് കേസുകളും 394 മരണവും
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പോസിറ്റീവ് കേസുകളും 394 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഡെത്ത് ഓഡിറ്റിലൂടെ 48 പേരുടെ മരണം കൂടി കണക്കില്‍ ചേര്‍ത്തു.
തിരുവനന്തപുരത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ വലിയ തോതിലുള്ള പരിശോധന നടത്തും. പ്രധാനപ്പെട്ട എല്ലാ പോയിന്റുകളിലും പരിശോധന നടത്തും. ജില്ല കംപ്ലീറ്റ് ലോക്ക്ൗഡണ്‍ ചെയ്യേണ്ട ആവശ്യം നിലവിലില്ല. നഗരത്തിലെ പരിശോധനകള്‍ ശക്തമാക്കും. നിലവില്‍ ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാരുടെ സേവനവും ലഭ്യമാക്കും. ഗ്രാമങ്ങളില്‍ സജീവമായ ശ്രദ്ധ വരുന്നുണ്ട്. നഗരത്തില്‍ അത് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ കൊവിഡ് വ്യാപന സാധ്യതകളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജനറൽ ആശുപത്രിയിൽ സ്ത്രീക്ക് കൊവിഡ്; എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷം
എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകൾ
തിരുവനന്തപുരത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ ചെമ്മരുത്തിമുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡായ കുറവാര. പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വാണിയകോട്, പതിനാറാം വാർഡായ ഇഞ്ചിവിള എന്നിവയെ കണ്ടെയിൻമെന്റ് സോണുകളായി കളക്ടർ
നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
Story Highlights- todays news headlines july 04
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here