നിർമാതാക്കളുമായി സഹകരിക്കണമെന്ന നിലപാടിൽ താര സംഘടന

താരങ്ങളുടെ പ്രതിഫലക്കാര്യത്തിൽ നിർമാതാക്കൾക്ക് അനുകൂല നിലപാടുമായി താരസംഘടനയായ എഎംഎംഎ. നിർമാതാക്കളുമായി താരങ്ങൾ സഹകരിക്കണമെന്ന നിലപാടിലാണ് എഎംഎംഎ നേതൃത്വം. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തും. തുടർന്ന് നിലപാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കാനും ധാരണയായി. സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയാറായേക്കുമെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സൗകര്യമായ മറ്റൊരു ദിവസം യോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്‌

അതേസമയം കണ്ടെയ്ൻമെന്റ് സോണിൽ അമ്മ ഭാരവാഹികൾ യോഗം ചേർന്നതിനെതിരെ പ്രതിഷേധം നടന്നു. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവയ്ക്കുകയായിരുന്നു.

രാവിലെയാണ് അമ്മയുടെ എക്സിക്യൂട്ടീവിൽ അവൈലബിൾ അംഗങ്ങൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് ഹൈവേയോട് ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. എഎംഎംഎ യോഗം ചേരുന്നതറിഞ്ഞ് ചക്കരപറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് എത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിഷേധക്കാരും ഹോട്ടലുകാരും അമ്മ ഭാരവാഹികളുമായി ചർച്ച നടത്തി. പിന്നാലെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.

Story Highlights amma, producers association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top