Advertisement

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ധീരമായി രക്ഷപ്പെടുത്തിയ കുട്ടിയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണം [24 fact check]

July 5, 2020
Google News 3 minutes Read

-/ഗോകുല്‍

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ധീരമായി രക്ഷപ്പെടുത്തിയ കുട്ടിയുടെ ദൃശ്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഈ മൂന്ന് വയസുകാരന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്.

കശ്മീരിലെ സോപോറിൽ ജൂലൈ ഒന്നിനാണ് 61 വയസുകാരനായ ബഷീർ അഹമ്മദ് കൊല്ലപ്പെട്ടത്. ചെറുമകന്റെ മുന്നിൽ വച്ച് ഭീകരരുടെ വെടിയേറ്റ് ബഷീർ വീണു. ചുറ്റും വെടിയൊച്ച മുഴങ്ങുമ്പോഴും മുത്തച്ഛന്റെ മൃതദേഹത്തിനുമേലിരുന്ന് മൂന്ന് വയസുകാരൻ നിലവിളിച്ചു. ഭീകരരുടെ ആക്രമണത്തിനിടയിലും കുട്ടി സുരക്ഷിതനായി സിആർപിഎഫ് ജവാന്റെ കൈകളിലേക്ക്.

എന്നാൽ, പിന്നീട് വന്ന വ്യാജപ്രചരണം ഏറെ സങ്കടകരമാണ്. ഒരു കൊച്ചുകുട്ടിയെപ്പോലും ദുഷ്ടബുദ്ധികൾ വെറുതെ വിടുന്നില്ലെന്നത് ലജ്ജാകരമാണ്.

വാർത്തയിലെ വാസ്തവം

രക്ഷപെടുത്തിയ ജവാന് നേരെ കല്ലെടുക്കുന്നു എന്ന കുറിപ്പോടെയാണ് കശ്മീരി ബാലനെതിരെ വ്യാജപ്രചാരണം. പട്ടാളക്കാരന്റെ അടുത്തേക്ക് നടക്കുന്ന കുട്ടിയുടെ കൈകൾ വ്യക്തമല്ലാത്ത ചിത്രമാണ് ഇതിന് അവർ തെരഞ്ഞെടുത്തത്. തറയിൽ കിടക്കുന്ന കല്ല് കുട്ടിയുടെ കയ്യിലാണെന്ന് തോന്നുന്ന ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ഷോപ്പിയാൻ ബ്രേക്കിംഗ് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് പിന്നീട് കശ്മീരികൾക്ക് എതിരായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സംഭവസ്ഥലത്ത് ഫോട്ടോഗ്രാഫർമാർ ആരുംതന്നെ ഇല്ലായിരുന്നുവെന്ന് സിആർപിഎഫ് വക്താവ് തന്നെ പിന്നീട് വ്യക്തമാക്കി. വീഡിയോയിൽ നിന്ന് സ്‌ക്രീൻഷോട്ട് എടുത്ത് ഇങ്ങനെയൊരു ദുഷ്പ്രചാരണം നടത്തിയതിന് പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്നതിൽ സംശയമൊന്നുമില്ല.

വിഘടനവാദമോ കശ്മീരിന്റെ രാഷ്ട്രീയമോ അറിയാത്ത ഒരു മൂന്ന് വയസുകാരനാണ് അത്. സ്വാഭാവികമായ സംശയങ്ങളിലല്ല ഇത്തരം ചിത്രങ്ങൾ പിറക്കുന്നത്. കൃത്യമായ ലക്ഷങ്ങളോടെ പടച്ചുവിടുന്ന വ്യാജപ്രചാരണങ്ങളിൽ നിന്ന് ജാഗ്രതയോടെ നമുക്ക് മാറിനിൽക്കാം.

Story highlight: CRPF fake child campaign during Kashmir encounter with terrorists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here