കാൺപൂർ വെടിവയ്പ്; വികാസ് ദുബൈക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി

കാൺപൂരിൽ പൊലീസുകാരെ വെടിവച്ചു കൊന്ന ഗൂണ്ടാ തലവന്‍ വികാസ് ദുബൈയെ പിടികൂടാനാകാതെ പൊലീസ്. ഗൂണ്ടാ നേതാവിനായി തെരച്ചിൽ ശക്തമാക്കി. വിവരം നൽകുന്നവർക്ക് പാരിതോഷികവും ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചു. അതിനിടെ വികാസ് ദുബൈയുടെ കൂട്ടാളി ദയാ ശങ്കർ അഗ്‌നിഹോത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കല്യാൺപൂരിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിലായിരുന്നു കുപ്രസിദ്ധ കുറ്റവാളിയും വികാസ് ദുബൈയുടെ കൂട്ടാളിയുമായ ദയാ ശങ്കർ അഗ്‌നിഹോത്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനിടെ ദയാശങ്കറിന്റെ കാലിന് വെടിയേറ്റു. കാൺപൂർ ഏറ്റുമുട്ടലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റിലായ ദയാശങ്കർ.
Read Also: ഇ- മൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാറിനെ കേന്ദ്രം വിലക്കിയിരുന്നതായി രേഖകൾ
അതേസമയം പൊലീസ് സംഘത്തിന് നേരെയുള്ള അക്രമം നടന്ന 48 മണിക്കൂർ പിന്നിട്ടിട്ടും വികാസ് ദുബൈയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 25 അംഗ പൊലീസ് സംഘം അയൽ സംസ്ഥാനങ്ങളിലും നേപ്പാൾ അതിർത്തിയിലും തെരച്ചിൽ ശക്തമാക്കി. വികാസ് ദുബൈയെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് പ്രഖ്യാപിച്ച പാരിതോഷികം 25,000 നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തി. അതേസമയം വികാസ് ദുബൈയുമായി അടുത്ത ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടി ഉണ്ടാകും. ഒരു ഡിവൈഎസ്പി, മൂന്ന് സബ് ഇൻസ്‌പെകടർമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവരാണ് മൂന്നാം തീയതി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ദുബൈയുടെ വീടും ആഡംബരക്കാറും ജില്ലാ അധികൃതർ തകർത്തിരുന്നു. ഗൂണ്ടാ സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ ഛുബെയ്പൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയെ സസ്‌പെൻഡ് ചെയ്തു. കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കോടി രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചിരുന്നു.
kanpur shoot out vikas dubey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here