Advertisement

എറണാകുളം ജില്ല പൂർണമായി അടച്ചിടേണ്ട അവസ്ഥ നിലവിൽ ഇല്ല; മന്ത്രി വിഎസ് സുനിൽ കുമാർ

July 8, 2020
2 minutes Read

കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായും അടക്കാൻ തീരുമാനിച്ചതായി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു.
അതേസമയം, ജില്ല പൂർണമായും അടച്ചിടേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നും എന്നാൽ, സ്ഥിതി ഗൗരവത്തോടെ കാണാണമെന്നും മന്ത്രി പറഞ്ഞു.

ആലുവ മുൻസിപ്പാലിറ്റിയിലെ 13 വാർഡുകളും കണ്ടെയിൻമെന്റ് സോണുകൾ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കിൽ ആലുവ മുൻസിപ്പാലിറ്റി പൂർണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുൻസിപ്പാലിറ്റിയിലെ 4-ാം ഡിവിഷനും കണ്ടെയിൻമെന്റ് സോൺ ആക്കും.
രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവ അടക്കും. മരട് മാർക്കറ്റ് കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കു. എറണാകുളം മാർക്കറ്റ് ഉടൻ തുറക്കില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളതിനാൽ ഒരാഴ്ച കൂടി അടച്ചിടുമെന്നും മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.

രോഗ ലക്ഷണങ്ങൾ ഉള്ളവർ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്. ജില്ലയിൽ ഘട്ടം ഘട്ടമായി പരിശോധന വർധിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ശരാശരി 950-1200നും ഇടയിൽ സാമ്പിളുകൾ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കൽ കോളജിൽ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളിൽ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ വിമാനത്താവളത്തിൽ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിലും ആന്റിജൻ പരിശോധന ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൂടി പരിശോധന ആരംഭിക്കുമ്പോൾ സമൂഹ വ്യാപന സാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഏഴു പേരുടെ ഒഴികെ എല്ലാവരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിവെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഇത് വരെ 47953 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 0.9 ശതമാനം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ജില്ലയിൽ രോഗ വ്യാപന തോത് കൂടുതൽ ആണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
കണ്ടെയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മാനദണ്ഡങ്ങൾ അനുസരിച്ചു നിശ്ചിത കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.

എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മഹത്തായ ഇടപെടലാണ് നടക്കുന്നതെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ഉറവിടം അറിയാത്ത കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യ പ്രവർത്തകർ കാര്യമായ ഇടപെടലാണ് നടത്തുന്നത് ഇതിന്റെ പ്രതിഫലനമാണ് ഒരാഴ്ചക്കിടയിൽ 90 ശതമാനം കേസുകൾ കണ്ടെത്താൻ കഴിയുന്നത്. വളരെ അപൂർവമായ കേസുകൾ 10 ദിവസത്തിനുള്ളിൽ ഉറവിടെ കണ്ടെത്താൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം ജില്ലയിൽ കുറഞ്ഞു വരികയാണ്.

എറണാകുളം ജില്ലയിൽ ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നവെന്നതും ടെസ്റ്റ് നടത്തുന്നതിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നുവെന്ന് പറയുന്നതും അടിസ്ഥാന രഹിതമായ കര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ജില്ലയിൽ ഘട്ടം ഘട്ടമായുള്ള ടെസ്റ്റുകളുടെ എണ്ണം വർധിച്ചു വരികയാണ്. ആന്റിജൻ, ആന്റി ബോഡി ടെസ്റ്റുകൾ മാത്രം ജില്ലയിൽ ദിവസം 1760 മുതൽ 2000 വരെ നടത്തുന്നുണ്ട്. 950 ആർടിപിസി ആർ ടെസ്റ്റുകളും ദിവസേന നടത്തുന്നുണ്ട്. മാത്രമല്ല, 2500 ഓളം വിവിധ കൊവിഡ് ടെസ്റ്റുകൾ ജില്ലയിൽ നടത്തുന്നുണ്ടെും മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.

Story Highlights Ernakulam district, not fully closed;,Minister VS Sunil Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top