പൂന്തുറയിലെ കൊവിഡ് സൂപ്പർ സ്‌പ്രെഡ്; കമാൻഡോകള്‍ അടക്കം 500 പൊലീസുകാരെ നിയോഗിച്ചു; പരിശോധന വര്‍ധിപ്പിക്കും

poonthura

തിരുവനന്തപുരത്തിന് ആശങ്കയായി പൂന്തുറ. ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച 92 പേരിൽ 77 രോഗബാധിതരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരിൽ ഒരു വയസുകാരി മുതൽ 70 കാരൻ വരെയുണ്ട്. സൂപ്പർ സ്‌പ്രെഡ് നടന്ന പൂന്തുറയിൽ സമൂഹ വ്യാപന ഭീഷണിയെന്നും പ്രത്യേക ക്ലസ്റ്ററാക്കി പ്രതിരോധ നടപടികൾ കർക്കശമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മേഖലയിൽ പരിശോധന വർധിപ്പിക്കും. ഡോർ ടു ഡോർ രീതിയിൽ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കും. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ പൂന്തുറയിൽ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചു.

സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ മേഖലയിൽ സാമൂഹിക അകലം പാലിക്കുന്നതിന് ഉൾപ്പെടെ ബോധവത്കരണം നടത്തുന്നുണ്ട്. പൊലീസിന്റെ പ്രത്യേക അനൗൺസ്‌മെന്റും നടക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും ആരും അതിർത്തി കടന്ന് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇരു സംസ്ഥാന ഡിജിപിമാരും നിർദേശം നൽകി.

Read Also : നഗരങ്ങളിൽ മൾട്ടിപ്പിൾ ക്ലസ്റ്റർ; പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 213 പേരിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 92 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 77 പേരും തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൂന്തുറയിലാണ്. വ്യത്യസ്ത പ്രായത്തിലുള്ള 31 സ്ത്രീകൾക്കും, 36 പുരുഷന്മാർക്കും, ഒന്ന് മുതൽ പത്ത് വയസ് വരെ പ്രായമുള്ള പത്ത് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ രോഗ വ്യാപനം തലസ്ഥാന നഗരിയെ ട്രിപ്പിൾ ലോക്ക് ഡൗണിലെത്തിച്ചുവെന്നും പൂന്തുറയിൽ സൂപ്പർ സ്‌പ്രെപ്രെഡിലേക്ക് കൊണ്ടെത്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂന്തുറ സൂപ്പർ സ്‌പ്രെഡിലേക്ക് നീങ്ങാൻ അധിക സമയമെടുത്തില്ലെന്നും രോഗം ബാധിച്ച പലരുടേയും സമ്പർക്ക പട്ടിക വിപുലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹ വ്യാപനത്തിന്റെ വക്കിൽ നിൽക്കുന്ന പൂന്തുറയെ പ്രത്യേക ക്ലസ്റ്ററാക്കി തിരിച്ച് പ്രതിരോധ നടപടികൾ കർശനമാക്കിയതായും മുഖ്യമന്ത്രി. പൂന്തുറയിലാണ് സംസ്ഥാനത്തെ ആദ്യത്തെ സൂപ്പർ സ്‌പ്രെഡ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കാനാകില്ല. വായു സഞ്ചാരമുള്ള മുറികളിൽ കഴിയണം. ആളുകളെ അകത്ത് നിർത്തി ഷട്ടർ താഴ്ത്തരുത്. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്റർ രൂപം കൊള്ളാൻ സാധ്യതയുണ്ട്. വായു സഞ്ചാരം കുറഞ്ഞാൽ രോഗ വ്യാപനം കൂടുമെന്നും മുഖ്യമന്ത്രി.

Story Highlights covid, super spread, poonthura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top