ഗുപ്റ്റിലിന്റെ റോക്കറ്റ് ത്രോ; ധോണിയുടെ റണ്ണൗട്ടിന് ഒരാണ്ട്

india newzealand semifinal

2019 ജൂലായ് 10. ന്യൂസീലൻഡ്-ഇന്ത്യ ലോകകപ്പ് സെമിഫൈനൽ നടന്നത് കൃത്യം ഒരു വർഷം മുൻപായിരുന്നു. ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തരായ ടീം എന്ന് നിസ്സംശയം പറയാവുന്ന ഇന്ത്യ മാർട്ടിൻ ഗുപ്റ്റിലിനു മുന്നിൽ പരാജയപ്പെട്ട ദിവസം. അതുവരെ നേടിയ ആധികാരിക വിജയങ്ങൾ നിഷ്പ്രഭമാക്കിയ ഒരൊറ്റ ത്രോ.

239 റൺസ് മാത്രമാണ് 50 ഓവറിൽ കിവീസുകാർക്ക് നേടാനായത്. അവരുടെ 8 വിക്കറ്റുകളും ഇന്ത്യ പിഴുതു. ഒരു അനായാസ ജയം കണക്കുകൂട്ടി ഇന്ത്യ ഇറങ്ങി. അതുവരെ ഇന്ത്യൻ സ്കോറിംഗിൽ ബ്രഹത്തായ സംഭാവന വഹിച്ചിരുന്ന ടോപ്പ് ഓർഡർ കേവലം 3.1 ഓവറിൽ ഗാലറിയിലെത്തി. ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോലി എന്നിവർ, ഇന്ത്യയുടെ ടോപ്പ് ത്രീ ഓരോ റൺ വീതമെടുത്ത് മടങ്ങി.

സെമിഫൈനലിൽ പുറത്തായി മടങ്ങുന്ന ഇന്ത്യയുടെ ടോപ്പ് ത്രീ

മാറ്റ് ഹെൻറിയും ടെൻ്റ് ബോൾട്ടും ചേർന്ന് ഇന്ത്യയെ ആദ്യം തന്നെ ബാക്ക്ഫൂട്ടിലാക്കി. സ്കോർബോർഡിൽ വെറും അഞ്ച് റൺസ്. ടൂർണമെൻ്റിൽ ഇതുവരെ കാര്യമായ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ലാത്ത മധ്യനിരയിലേക്ക് ചുമതല മാറി. ദിനേശ് കാർത്തികും (6) വേഗം മടങ്ങി. സ്കോർ 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്. പിന്നീടായിരുന്നു ഇന്ത്യ ശ്വാസം വിട്ടത്.

Read Also : 2011 ലോകകപ്പ് വിവാദം: സങ്കക്കാരയെ ചോദ്യം ചെയ്തത് 5 മണിക്കൂറിലധികം; മാനസിക പീഡനമെന്ന് ആക്ഷേപം

ഋഷഭ് പന്ത്, ഹർദ്ദിക് പാണ്ഡ്യ എന്നിവർ 32 റൺസ് വീതമെടുത്ത് മടങ്ങി. സ്കോർ 30.3 ഓവറിൽ 92/6. ഏഴാം വിക്കറ്റിൽ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് പ്രതീക്ഷകൾ തുന്നിച്ചേർത്തു.

ജഡേജ-ധോണി കൂട്ടുകെട്ട്

മറ്റാർക്കും കഴിയാതിരുന്ന ഹിറ്റിംഗ് സോണിൽ ആദ്യ പന്ത് മുതൽ അനായാസം നിലയുറപ്പിച്ച ‘ബിറ്റ്സ് ആൻഡ് പീസസ്’ ക്രിക്കറ്റർ രവീന്ദ്ര ജഡേജ ഇന്ത്യൻ ഇന്നിംഗ്സിന് ഊർജമായി. തുടർച്ചയായി അതിർത്തി കടക്കുന്ന പന്തുകൾ. അനായാസം കുതിക്കുന്ന സ്കോർ ബോർഡ്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ‘ഇന്ത്യാ, ഇന്ത്യ’ ചാൻ്റുകൾ മുഴങ്ങാൻ തുടങ്ങി. 39 പന്തുകളിൽ ജഡേജ 50 തൊട്ടു. ധോണി സെക്കൻഡ് ഫിഡിൽ റോൾ കൃത്യമായി ചെയ്യുന്നു. കൂട്ടുകെട്ട് നൂറും കടന്ന് കുതിക്കുകയാണ്. വീണ്ടും ഒരു ലോകകപ്പ് ഫൈനൽ. ഗാലറിയിൽ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി.

ഫിഫ്റ്റി അടിച്ച ശേഷം ജഡേജയുടെ ആഹ്ലാദം

ഓവർ 47.5. ട്രെൻ്റ് ബോൾട്ടിൻ്റെ റിതമാറ്റിക് റണ്ണപ്പ്. ഒരു വെൽ ഡിസ്ഗൈസ്ഡ് സ്ലോ ബോൾ. ഒരു നിമിഷത്തേക്ക് ജഡേജയുടെ കണക്കുകൂട്ടൽ പിഴച്ചു. ഷോട്ട് പിഴ്ച്ച് പന്ത് കുത്തനെ ഉയർന്നു. കിവി നായകൻ പന്തിനു കീഴെ നിലയുറപ്പിച്ചു. നാടകീയതയൊന്നുമില്ല. അദ്ദേഹം അനായാസം പന്ത് കൈക്കലാക്കി. 116 റൺസ് നീണ്ടു നിന്ന കൂട്ടുകെട്ടിന് അവസാനം. ഇന്ത്യ വീണ്ടും ബാക്ക്ഫൂട്ടിൽ. ധോണിയുണ്ടല്ലോ എന്ന ആശ്വാസം മാത്രം. അതിനുദാഹരണമായി ലോക്കി ഫെർഗൂസൻ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഒരു കൂറ്റൻ സിക്സർ. മുൻപെത്രയോ വട്ടം കണ്ട ഫിനിഷർ ധോണി അൺലീഷ് ചെയ്യപ്പെടുകയാണെന്ന് ഇന്ത്യ മാത്രമല്ല, ന്യൂസീലൻഡ് എന്ന കൊച്ച് ദ്വീപരാഷ്ട്രവും കരുതിയിട്ടുണ്ടാവും. ഓവറിലെ രണ്ടാം പന്ത് ഡോട്ട് ബോളായി. മൂന്നാം പന്ത്. പുള്ളിനു ശ്രമിച്ച ധോണിക്ക് ടൈമിംഗ് തെറ്റി. ഗ്ലൗസിലിടിച്ച പന്ത് ഷോർട്ട് തേർഡ്മാനിലേക്ക് ഉരുണ്ടു. രണ്ട് റൺ ലക്ഷ്യമാക്കി ധോണിയുടെ കുതിച്ചോട്ടം. ഒരു റൺ പൂർത്തിയായി. ദീപ് ഫൈൻ ലെഗിൽ നിന്ന് പന്തിലേക്ക് കുതിച്ചടുക്കുന്ന ഗുപ്റ്റിൽ. വലതു കൈ കൊണ്ട് ഒരു പിക്കപ്പ് അൻഡ് ത്രോ. ഇന്ത്യയുടെ ദൗർഭാഗ്യമോ ഗുപ്റ്റിലിൻ്റെ ആക്യുറസിയോ, ധോണി ക്രീസിലേക്ക് കുതിക്കുമ്പോൾ ഡയറക്റ്റ് ഹിറ്റിൽ ചിതറുന്ന വിക്കറ്റ്. ആ സമയത്ത് ക്രിക്കറ്റ് ലോകത്തിൻ്റെയാകമാനം റിയാക്ഷൻ സ്വയം ആവാഹിച്ച അമ്പയർ റിച്ചാർഡ് കെറ്റിൽബൊറോ തേർഡ് അമ്പയർക്ക് തീരുമാനം വിട്ടു.

അമ്പയർ റിച്ചാർഡ് കെറ്റിൽബൊറോ

ക്രീസിന് സെൻ്റിമീറ്റർ അകലെ ധോണിയുടെ ബാറ്റ് നിലം തൊടുമ്പോൾ മിന്നിക്കത്തി തെറിക്കുന്ന ബെയിൽസിൻ്റെ ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ. ധോണി ഔട്ട്. ക്യാപ്റ്റൻ കൂളിൻ്റെ മുഖത്ത് നിരാശയും സങ്കടവും. ഏറെയൊന്നും കണ്ടിട്ടില്ലാത്ത വികാരങ്ങൾ. ഇന്ത്യ അതേറ്റു വാങ്ങി. ഇന്ത്യൻ പരാജയം 18 റൺസിന്.

Story Highlights india newzealand semifinal one year anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top