കുതിര അസു കൊലക്കേസ് പ്രതികൾ പിടിയിൽ

രണ്ടര വർഷം മുൻപ് കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്ന കുതിര അസു കൊലക്കേസ് പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ സിറാജ് തങ്ങൾ, അമീർ അലി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2018 ഫെബ്രുവരി 22 നായിരുന്നു സൗത്ത് ബീച്ചിന് സമീപം കുതിര അസു എന്ന അസീസിനെ മരിച്ച നിലയിൽ കണ്ടത്തിയത്. അസീസിന്റെ മരണം തലയ്ക്കും കഴുത്തിനുമേറ്റ മാരകമായ പരുക്ക് മൂലമാണെന്ന് പോസ്റ്റമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കോണ്ക്രീറ്റ് കട്ടകൊണ്ടാണ് കൊലപാതകം നടത്തിയത്. മറ്റൊരു കേസിൽ കഴിഞ്ഞ ആഴ്ച പിടിയിലായ അമീർ അലിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കുതിര അസുവിന്റെ കൊലപാതകത്തെ കുറച്ചും അമീർ കുറ്റസമ്മതം നടത്തിയത്. പിന്നീട് കൂട്ടുപ്രതിയായ സിറാജ് തങ്ങളെ കാസർഗോഡ് നിന്നും പിടികൂടുകയായിരുന്നു. കഞ്ചാവ് വിൽപനയെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ക്രൈം ബ്രാഞ്ച് ഐജി ഇജെ ജയരാജ് പറഞ്ഞു.
പിടിയിലായ സിറാജ് തങ്ങളും അമീർ അലിയും മുമ്പും ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ആദ്യം കോഴിക്കോട് ടൗൺ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ രണ്ടര വർഷമായി തുമ്പില്ലാതെ കിടന്ന കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
Story Highlights – kuthira asu murder case culprits booked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here