വള്ളം നിറഞ്ഞാലും പോക്കറ്റ് നിറയാറില്ല; പരിമിതികളില്‍ തുഴയെറിഞ്ഞ് രാജപ്പന്‍

– /വി. നിഷാദ്

വള്ളം നിറയാറുണ്ട്, എന്നാല്‍ നാളിതുവരെ പോക്കറ്റ് നിറഞ്ഞിട്ടില്ല. രാജപ്പന്‍ ഇന്നും ജീവിതപ്രതിസന്ധികളുടെ ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് കൊണ്ടേയിരിക്കുകയാണ്.

കുമരകം കായലിന്റെ ഓള പരപ്പുകള്‍ക്കിടയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന രാജപ്പന്റെ കാലുകള്‍ക്ക് ചലന ശേഷിയില്ല. എന്നാലും ദിവസവും വള്ളവുമായി കായലിലെത്തും. പുലര്‍ച്ചെ മുതല്‍
സന്ധ്യ വൈകുവോളം കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികള്‍ പെറുക്കിയെടുക്കും. വള്ളം നിറയെ കുപ്പികളുമായി കരയിലെത്തും. പലപ്പോഴും ഒരു കിലോ തികയില്ല. ഒരു കിലോ തികഞ്ഞാല്‍ പന്ത്രണ്ട് രൂപയാണ് രാജപ്പന് കിട്ടുക. ശാരീരിക വെല്ലുവിളി നേരിടുന്ന മനുഷ്യന്റെ അധ്വാനത്തിന്റെ വിലയാണ് ഈ പന്ത്രണ്ട് രൂപ. വലിച്ചെറിയാന്‍ മാത്രം ശീലിച്ച മലയാളികളുടെ ശീലത്തിന്റെ വിഴുപ്പിനെ തന്റെ വള്ളത്തില്‍ കരയ്‌ക്കെത്തിക്കുകയാണ് രാജപ്പന്‍.

ആറുവര്‍ഷമായി പുഴയില്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് പിറകെ രാജപ്പനുമുണ്ട്. ഇതൊരു വരുമാനം മാത്രമല്ല രാജപ്പന്. മറ്റ് ജോലികള്‍ക്ക് പോവാന്‍ തന്റെ ശാരീരിക പരിമിതികള്‍ അനുവദിച്ചില്ല. പ്ലാസ്റ്റിക്ക് പെറുക്കിയെടുത്താല്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ക്ക് ഈ ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. എന്നാലും ആരോടും രാജപ്പന് പരിഭവമില്ല. ദുരിതങ്ങളുടെ ഈ മലവെള്ള പാച്ചിലുകളുടെ ഇടയിലാണ് കൊവിഡ് മഹാമാരി വന്നത്. എന്നിട്ടും രാജപ്പന് ഇന്നും വള്ളവുമായി കായലില്‍ തന്നെയുണ്ട്. ജീവിതത്തില്‍ നിറയെ വെല്ലുവിളികള്‍ നേരിടുന്ന ഒരാളുടെ അധ്വാനം എന്ന നിലയില്‍ മാത്രമല്ല രാജപ്പനെ സമൂഹം അംഗീകരിക്കേണ്ടത്. മറിച്ച് അവസാന തുള്ളിയും മൊന്തി കുടിച്ച്, നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വിഴുപ്പുകളെ പുഴയില്‍ നിന്ന് നീക്കം ചെയ്യുന്ന സൂപ്പര്‍ ഹീറോ ആയാണ്.

രാജപ്പനെ പോലെ പരിമിതികളില്‍ തളരാത്ത നാടിന് നല്ലത് ചെയ്യുന്നവര്‍ക്ക് സഹായങ്ങളുടെ ഇഴമുറിയാത്ത പ്രവാഹങ്ങളാവുക എന്നതാണ് സമൂഹത്തിന്റെ കടമ. രാജപ്പന്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ കറന്റ് കണക്ഷന്‍ ഇല്ല. വെളിച്ചമുള്ള നല്ലൊരു വീട് വേണമെന്നാണ് രാജപ്പന്റെ ആഗ്രഹം. കോട്ടയം ജില്ലയിലെ കുമരകം വെച്ചൂര്‍ കൈപ്പുഴമുട്ട് സ്വദേശിയാണ് 67 കാരനായ രാജപ്പന്‍.

Story Highlights Rajappan, collecting plastic bottles

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top