തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ

covid

തിരുവനന്തപുരത്ത് നാളെ മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7- 12 വരെയും വൈകിട്ട് 4- 6 വരെയും തുറക്കാം. ഓൺലൈൻ ഭക്ഷ്യ വിതരണത്തിന് അനുമതിയില്ല. നഗരത്തിൽ പൊതു പരീക്ഷകൾക്കും അനുമതി നൽകിയിട്ടില്ല. ഓട്ടോ- ടാക്‌സി സർവീസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. ബസ് സർവീസുകൾ അനുവദിച്ചിട്ടില്ല. അതേസമയം പൂന്തുറ, പുത്തൻപള്ളി. മാണിക്യ വിളാകം ഭാഗങ്ങളിൽ ലോക്ക് ഡൗണിൽ ഇളവുകളുണ്ടാകില്ല. വലിയതുറ, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാർഡുകളിലാണ് കൂടുതൽ നിരീക്ഷണം ഉണ്ടായിരിക്കുക.

സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോര്‍ക്ക എന്നീ വകുപ്പുകള്‍ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കണം. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ആവശ്യമുള്ള ജീവനക്കാര്‍(പരമാവധി 30 ശതമാനം) ഹാജരാകാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. സമയബന്ധിതമായ ജോലികള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ഗവ. പ്രസ്സുകള്‍ക്കും പ്രവര്‍ത്തിക്കാം. 

കേന്ദ്ര സര്‍ക്കാരിനു കീഴിലെ പ്രതിരോധം, എയര്‍പോര്‍ട്ട്, റെയില്‍വെ, പോസ്റ്റ് ഓഫീസ് അടക്കമുള്ള പൊതുജന സേവന സംവിധാനങ്ങള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. കേരള സര്‍ക്കാരിനു കീഴില്‍ ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആര്‍.ഡി.ഒ ഓഫീസ്, താലൂക്ക്,വില്ലേജ് ഓഫീസുകള്‍, പോലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ഫോഴ്സ്, ജയില്‍ വകുപ്പ്, ട്രഷറി, ജല, വൈദ്യുതി വകുപ്പുകള്‍, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍(അവശ്യ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിക്കണം) എന്നിവ പ്രവര്‍ത്തിക്കും. ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് അനുവദിക്കും. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി, പൗള്‍ട്ടറി, വെറ്റിനറി, അനിമല്‍ ഹസ്ബന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ടെക്നോപാര്‍ക്കിലെ ഐ.ടി വിഭാഗത്തിന് അവശ്യ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ടാക്സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയ്ക്ക് സര്‍വീസ് നടത്താം. മാധ്യമസ്ഥാപനങ്ങള്‍, ഡാറ്റസെന്റര്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ അവശ്യ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണം. ബാങ്കുകള്‍ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കണം. മറ്റ് പൊതു/സ്വകാര്യ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കണം. 

Read Also : കൊല്ലത്ത് രണ്ട് കൊവിഡ് ബാധിതർ മരിച്ചു

അതേസമയം തിരുവനന്തപുരത്ത് ഇന്ന് 40 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതിൽ തീരദേശമേഖലയായ കോട്ടപുരത്ത് അഞ്ച് പേർക്കും ബീമാപ്പള്ളിയിൽ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയേറ്റിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ പുതുതായി 777 പേരെ രോഗ നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,612 ആയി.

സംസ്ഥാനത്ത് ഇന്ന് 435 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 206 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid, thiriuvanathapuram, lock down concession

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top