Advertisement

കണ്ണൂരില്‍ 44 പേര്‍ക്ക് കൊവിഡ് ; പത്തുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

July 13, 2020
Google News 1 minute Read
covid19 coronavirus kannur 

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പത്തു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ ആറു പേരും ഒരു കുടുംബത്തിലുള്ളവരാണ്. പത്തു സൈനികരും നാല് ഫയര്‍ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഉള്ള കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്.

കൊവിഡ് ബാധിച്ച് മരിച്ച കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ആയിഷയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ചു ചികിത്സയിലാണ്. ഇയാള്‍ ഒരു ബന്ധു വീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാനൂരുള്ള ഈ കുടുംബത്തിലെ ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചൊക്ലി സ്വദേശികളായ രണ്ടു പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മറ്റ് രണ്ട് പേര്‍. വിദേശത്തുനിന്ന് എത്തിയ കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് ഇവര്‍.

കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷനിലെ നാലു ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നാലെ കൂത്തുപറമ്പ് ഫയര്‍‌സ്റ്റേഷന്‍ അടച്ചു. കൊവിഡ് സ്ഥിരീകരിച്ച അഗ്നിരക്ഷാ ജീവനക്കാരന്‍ ഇന്നലെ രാവിലെ സന്ദര്‍ശിച്ച കണ്ണൂരിലെ പൊലീസ് കാന്റീനും അടച്ചു. കണ്ണൂരിലെ ചില വ്യാപാര കേന്ദ്രങ്ങളിലും ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവരെ കൂടാതെ കണ്ണൂര്‍ ഡിഎസ്‌സി സെന്ററിലെ 10 സൈനികര്‍ക്കും രോഗ ബാധയുണ്ടായി. വിദേശത്തു നിന്നും വന്ന ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നപതിനൊന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് മേഖലയില്‍ കളക്ടര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആയിക്കര ഹാര്‍ബര്‍, മത്സ്യ മാര്‍ക്കറ്റ് എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Story Highlights covid19, coronavirus, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here