Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

July 13, 2020
Google News 2 minutes Read
gold smuggling again in trivandrum airport

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1.45 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചു. ദുബൈയിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ത്യയിലെ ആദ്യ നയതനന്ത്ര സ്വർണക്കടത്ത് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അതേ വിമാനത്താവളത്തിൽ നിന്ന് തന്നെ വീണ്ടും സ്വർണം പിടിച്ചെടുക്കുന്നത്.

അതേസമയം, തിരുവനന്തപുരത്തെ നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് നീക്കം. നിലവിൽ സ്വപ്‌ന സുരേഷ് തൃശൂരിലെ കൊവിഡ് കെയർ സെന്ററിലാണ് ഉള്ളത്. സ്വപ്‌നയോടൊപ്പം മൂന്ന് റിമാൻഡ് പ്രതികളും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്നലെ പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി പുറപ്പെട്ട സംഘത്തിന് നേരെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലാണ് എൻഐഎ ആസ്ഥാനത്ത് എത്തിച്ചത്.

Read Also : സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു.

Story Highlights gold smuggling again in trivandrum airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here