ഇന്ത്യ-പാകിസ്താൻ പരമ്പര ക്രിക്കറ്റ് ലോകത്തിന് ആവശ്യം; കളിക്കാത്തത് ഇന്ത്യൻ സർക്കാരിന്റെ നയം മൂലം: പിസിബി

ഇന്ത്യ-പാകിസ്താൻ പരമ്പര ക്രിക്കറ്റ് ലോകത്തിന് ആവശ്യമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ എഹ്സാൻ മാനി. ഇരു ടീമുകളും തമ്മിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ലോകം മുഴുവൻ ശ്രദ്ധിക്കുമെന്നും മത്സരങ്ങൾ നടക്കാത്തതിനു കാരണം ഇന്ത്യൻ സർക്കാരിൻ്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ബസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also : ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ല: സുനിൽ ഗവാസ്കർ
“ഇന്ത്യ-പാകിസ്താൻ മാച്ചുകളാണ് ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന മത്സരങ്ങൾ. പക്ഷേ, ഇന്ത്യൻ സക്കാരിൻ്റെ നയങ്ങൾ മൂലം ഞങ്ങൾ ഐസിസിയുടെയോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെയോ ഇവൻ്റുകളിൽ അല്ലാതെ ഞങ്ങൾ പരസ്പരം ഏറ്റുമുട്ടാറില്ല. ഞങ്ങൾ കളിച്ചാൽ അത് ലോക ക്രിക്കറ്റിനു തന്നെ ഗുണകരമാണ്. ഇരു ബോർഡുകളും ഹ്രസ്വകാലാടിസ്ഥാനത്തിലെങ്കിലും ഇതിനായി ശ്രമിക്കണം.”- മാനി പറഞ്ഞു.
മുൻ പാക് താരങ്ങളായ വഖാർ യൂനിസ്, ഷൊഐബ് അക്തർ, ഷാഹിദ് അഫ്രീദി തുടങ്ങിയവരൊക്കെ ഇന്ത്യ-പാകിസ്താൻ പരമ്പര പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ പാക് താരം ഷൊഐബ് അക്തറാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് പരമ്പര നടത്താമെന്ന് ആദ്യം അറിയിച്ചത്. രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു നേരത്തെ അക്തറിൻ്റെ നിർദ്ദേശം. ഇതിനെതിരെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവും മുൻ താരം സുനിൽ ഗാവസ്കറും രംഗത്തെത്തിയിരുന്നു. ഇതേ ചൊല്ലി ഇരു രാജ്യങ്ങളിലെ മുൻ താരങ്ങൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്കേറ്റവും നടന്നു.
Story Highlights – Ehsan Mani for India vs Pakistan bilateral series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here