കോഴിക്കോട് തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം

കോഴിക്കോട് നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ കണക്കുകൾ പുറത്ത് വന്നതിന് ശേഷമാണ് 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിലെ ആകെ കേസുകൾ അങ്ങനെ നൂറ് കടന്നിരിക്കുകയാണ്. ഇതിനെ കുറിച്ച് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും. 600 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഈ ഫലം പുറത്തുവന്നിരിക്കുന്നത്. പിസിആർ പരിശോധന നടത്തിയായിരിക്കും ഔദ്യോഗിക സ്ഥിരീകരണം. ജാഗ്രതക്കുറവ് വന്നതിനാലാണ് രോഗ ഭീതി കൂടിയതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രദേശത്ത് പരിശോധനകൾ ശക്തമാക്കും. വടകര മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച കോഴിക്കോട്ട് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
Read Also : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ 29,000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 582 പേർ
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ജാഗ്രതാ പൂർണമായ പ്രതിരോധ നടപടികൾ തൂണേരിയിൽ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. രണ്ട് പേരിൽ നിന്ന് 53 പേർക്കാണ് തൂണേരിയിൽ കൊവിഡ് ബാധിച്ചത്. ഒരു സ്ത്രീക്കും പുരുഷനും ആയിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവർക്ക് എല്ലാം ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉപയോഗ ശൂന്യമായ മാസ്‌കുകളും കൈയുറകളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് അപകടമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
Story Highlights – covid, thuneri, kozhikkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here