തിരുവനന്തപുരത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘം

കൊവിഡ് സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കൊവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലാകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കുന്നത്. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. വയോജനങ്ങളുടെ മാനസിക ശാരീരിക പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനും അവബോധം നല്‍കുന്നതിനും ഗ്രാന്റ് കെയര്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വിപുലമായി നടപ്പിലാക്കി വരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ ടീമും 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിക്കും. അവരെ സംഘം പരിശോധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നു. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കും. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യും. അവശരും ഒറ്റപ്പെട്ട് കഴിയുന്നവരുമായ വയോജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കി പുനരധിവാസം ഉറപ്പ് വരുത്തുന്നുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും വയോജനങ്ങള്‍ക്ക് മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
Story Highlights – Special Medical Team, Critical Containment Zones, Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here