ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്റർ; കേസിലെ കൂടുതൽ വിവരങ്ങൾ

faisal fareed gold racket facilitator says probe team

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തേടുന്ന ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തൽ. ഗൾഫിൽ സ്വർണം സംഘടിപ്പിക്കൽ, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മുമ്പും നിരവധി തവണ ഫൈസൽ ഇത്തരത്തിൽ സ്വർണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ സ്വർണ്ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ് ഷാർജാ അതിർത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കൊവിഡ് മൂലം അടഞ്ഞ് കിടന്ന ഫാക്ടറി സ്വർണം പാക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന വ്യക്തിയാണ് ഫൈസൽ ഫരീദ്. ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. ഫൈസൽ ഫരീദിനായി ഉടൻ ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായാണ് എൻഐഎയുടെ കോടതിയിൽ നിന്ന് ഓപ്പൺ വാറണ്ട് തേടിയത്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറയുന്നു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.

Read Also : തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത്: സ്വപ്‌നയുടേയും സരിത്തിന്റേയും കമ്മീഷൻ ഏഴ് ലക്ഷം; ഗൂഡാലോചന സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്

കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ എൻഐഎ പ്രതിചേർക്കുന്നത്. ഇതിന് പിന്നാലെ ഫൈസൽ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസൽ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന വ്യക്തി തന്നെയാണ് എൻഐഎ തേടുന്ന ഫൈസൽ ഫരീദെന്ന് അധികൃതർ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.

Story Highlights faisal fareed gold racket facilitator – says probe team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top