Advertisement

ക്യാമറ പോലൊരു വീട്; വ്യത്യസ്തമായി വീട് നിര്‍മിച്ച് ഒരു ഫോട്ടോഗ്രാഫര്‍

July 16, 2020
Google News 2 minutes Read

സ്വന്തമായി ഒരു വീട് നിര്‍മിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വീട് ഡിസൈന്‍ ചെയ്യുന്നതുമുതല്‍ അതിന്റെ ഓരോ മുക്കിലും മൂലയിലും വരുത്തുന്ന മാറ്റങ്ങള്‍ക്കു പിന്നില്‍ പോലും ശ്രദ്ധ എത്തിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കര്‍ണാടകയില്‍ നിന്നുള്ള ഒരു വീടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അടിമുടി വ്യത്യസ്തമായൊരു വീടാണ് ഇതെന്നതുതന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിന് കാരണമായതും.

മറ്റൊന്നുമല്ല, ഒരു ക്യാമറയുടെ രൂപത്തിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ദമ്പതിമാരായ രവിയും കൃപാ ഹൊങ്കാലുമാണ് ഈ വീടിന്റെ ഉടമസ്ഥര്‍. ക്യാമറകളോടുള്ള അടങ്ങാത്ത താത്പര്യമാണ് വീടിനും ക്യാമറയുടെ രൂപം നല്‍കുന്നതിലേക്ക് ഇവരെ എത്തിച്ചത്.

വീടിന് മാത്രമല്ല. ഇവരുടെ കുട്ടികളുടെ പേരിനുമുണ്ട് പ്രത്യേകത. കാനോണ്‍, എപ്‌സണ്‍, നിക്കോണ്‍ എന്നിങ്ങനെയാണ് ഇവര്‍ കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. വീടിന്റെ പേരാകട്ടെ ‘ക്ലിക്ക്’ എന്നും. ഒരു ഭീമന്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ രൂപത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മൂന്നു നിലകളിലായുള്ള വീട് സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ ശാസ്ത്രിനഗറിലാണ്.

വീടിന്റെ മുന്‍പിലുള്ള ഗ്ലാസ് ജനല്‍ നിര്‍മിച്ചിരിക്കുന്നത് ലെന്‍സിന്റെ രൂപത്തിലാണ്. വീടിന്റെ ഭിത്തികളിലും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള ഗ്രാഫിക്‌സുകള്‍ നല്‍കിയിട്ടുണ്ട്. 1986 മുതലാണ് താന്‍ ഫോട്ടോഗ്രഫി തുടങ്ങിയതെന്ന് രവി പറയുന്നു. ഈ വീട് ഒരു സ്വപ്‌നമായിരുന്നു. ക്യാമറകളോട് ഭയങ്കര ഇഷ്ടമാണ്. അതിനാലാണ് കുട്ടികള്‍ക്ക് ക്യാമറയുടെ പേര് നല്‍കിയതെന്നും രവി പറയുന്നു.

വിശാലമായ ഫിലിം സ്ട്രിപ്പ്, മെമ്മറി കാര്‍ഡ് എന്നിവയുടെ രൂപങ്ങളും വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ക്യാമറയ്ക്കുള്ളില്‍ കഴിയുന്നത് പോലെയാണ് തങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്നും രവി കൂട്ടിച്ചേര്‍ത്തു.

Story Highlights Karnataka Photographer Builds Camera-Shaped House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here