പരിയാരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികളെ പരിശോധിക്കാൻ റോബോട്ടും

pariyaram medical college robot

കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ഇനി റോബോട്ട്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ‘ടോമോഡാച്ചി’ എന്ന് പേരുള്ള റോബോട്ട് പ്രവർത്തനം തുടങ്ങിയത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ ഇനി ടോമോഡാച്ചിയുമുണ്ടാകും.

കൊവിഡ് രോഗികളെ ഇനി ആദ്യം പരിശോധിക്കുക ഈ റോബോട്ടായിരിക്കും. ടോമോഡാച്ചി എന്ന ജപ്പാനീസ് പദത്തിന്റെ അർത്ഥം സുഹൃത്ത് എന്നാണ്. ആൻഡ്രോയിഡ് വേർഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ നൂതന സംവിധാനങ്ങളോടെയാണ് റോബോട്ടിനെ തയാറാക്കിയിരിക്കുന്നത്.

Read Also : രാജസ്ഥാനിൽ കൊറോണ വൈറസ് ബാധിതരെ പരിചരിക്കാൻ റോബോട്ട്

രോഗിയുടെ വിവരങ്ങൾ ടോമോഡാച്ചി അപ്പപ്പോൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൈമാറും. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്. ഐസിയു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇസിജി ഗ്രാഫ്, ബിപി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് എന്നിവയെല്ലാം പുറത്തുനിന്നുതന്നെ നിരീക്ഷിക്കാനും കഴിയും.

ബെഡ് നമ്പർ അമർത്തിയാൽ ഓരോ രോഗിയുടെയും വിശദാംശങ്ങൾ റോബോട്ട് ലഭ്യമാക്കും. കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഐസിയു രോഗികളടക്കമുള്ളവരെ മുഴുവൻ നേരം നിരീക്ഷിക്കാനും ഇത് വഴി സാധ്യമാകും. അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഈ റോബോർട്ട് രൂപകൽപ്പന ചെയ്തത്. രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ്. വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി കെ കെ ശൈലജ ടോമോഡാച്ചിയുടെ ഉദ്ഘാടനം നിർവഹിച്ചു.

Story Highlights covid, robot, pariyaram medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top