രാജസ്ഥാനിൽ കൊറോണ വൈറസ് ബാധിതരെ പരിചരിക്കാൻ റോബോട്ട്

കൊറോണ വൈറസ് ബാധിതരെ പരിചരിക്കാൻ റോബോട്ടിനെ ഉപയോഗിച്ച് രാജസ്ഥാനിലെ സർക്കാർ ആശുപത്രി അധികൃതർ. ജയ്പൂരിലെ സവായ് മാൻസിംഗ്(എസ്എംഎസ്) ആശുപത്രിയിലാണ് രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകാൻ റോബോട്ടിനെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.
രണ്ടു ദിവസമായി റോബോർട്ടിനെ രോഗി പരിചരണത്തിനായി ആശുപത്രിയിൽ പരീക്ഷിക്കുന്നുണ്ട്. ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൊറോണ രോഗികൾക്കാണ് റോബോർട്ടിന്റെ സഹായം ലഭ്യമാക്കിയത്. വൈറസ് ബാധിതരായവരുമായി ആശുപത്രി ജീവനക്കാർ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പരമാവധി കുറയ്ക്കാൻ റോബോട്ടിന്റെ സേവനം ഉപകരിക്കപ്പെടുമെന്നാണ് ആശുപത്രിയധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ റോബോട്ടിന്റെ സഹായം കൂടുതൽ വിപുലമായി ലഭ്യമാക്കാൻ വേണ്ടി ഇതുസംബന്ധിച്ചു ബന്ധപ്പെട്ടവർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് എസ്എംഎസ് ആശുപത്രിയധികൃതർ എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്ലബ് ഫസ്റ്റ് എന്ന സ്വകാര്യ സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച റോബോട്ടിനെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ആശുപത്രിയധികൃതർക്ക് കൈമാറിയതെന്ന് എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. ഡിഎസ് മീന പിടിഐയോട് പറഞ്ഞു. രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകാൻ പരീക്ഷണാടിസ്ഥാനത്തിൽ റോബോട്ടിന്റെ സേവനം തങ്ങൾ ഉപയോഗപ്പെടുത്തിയെന്നും ഡോ. മീന പറയുന്നുണ്ട്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി(സിഎസ്ആർ) സ്‌കീം അനുസരിച്ചാണ് തങ്ങൾ ആശുപത്രിക്ക് റോബോട്ടിനെ കൈമാറിയതെന്നും ആവശ്യമെങ്കിൽ കൂടുതൽ റോബട്ടുകളെ നൽകാൻ തയാറാണെന്നും ക്ലബ് ഫസ്റ്റിലെ ഡവലപ്പർ ഭുവനേശ്വർ മിശ്രയും പിടി ഐയോട് പ്രതികരിച്ചിട്ടുണ്ട്. ഇവർ നിർമിച്ച റോബോട്ടുകളെ നഗരത്തിലെ റെസ്റ്ററന്റുകളിലും ഉപയോഗിക്കുന്നുണ്ട്.
Story highlight: Robot to care ,coronavirus victims in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here