തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; കാര്യവട്ടം സ്റ്റേഡിയം ആരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി വർധിക്കുന്നതിനിടെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക് കടക്കുകയാണ്. സർക്കാർ മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും രോഗികളെക്കൊണ്ട് നിറഞ്ഞു. മൂന്നാം ഘട്ട കൊവിഡ് വ്യാപനത്തിലാണ് ജില്ല. സമൂഹ വ്യാപനമാണ് അടുത്ത ഘട്ടം.
ഗ്രീൻഫീൽഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സും കൺവൻഷൻ സെന്ററും ഉൾപ്പെടെയുള്ള മേഖലയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അടിയന്തര പരിഹാരമായാണ് ഗ്രീൻഫീൽഡിൽ ട്രീറ്റ്‌മെന്റ് സെന്റർ തയാറാക്കുന്നത്. 500 മുതൽ 750 പേരെ വരെ ഒരേസമയം ഉൾക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കുന്നതെന്നാണ് വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസേന രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തുന്നതാണ്.
Read Also : ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു
തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ ദിവസം 157 പേർക്ക് രോഗം സ്ഥിരീകരിച്ചു. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ദിവസേന 100ൽ അധികം രോഗികൾ വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. പൂന്തുറയിലും ബീമാപള്ളിയിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
Story Highlights – covid, trivandrum, karyavattam green field stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here