സ്വര്‍ണക്കടത്തുകേസിനെ ചാരക്കേസുമായി ഉപമിച്ച് കോടിയേരി ബാലകൃഷ്ണന്‍

kodiyeri

സ്വര്‍ണക്കടത്തുകേസിനെ ചാരക്കേസുമായി ഉപമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണശേഷിയുള്ള ഉദ്യോഗസ്ഥനെന്ന മുഖ്യമന്ത്രിയുടെ വിശ്വാസം ശിവശങ്കര്‍ ഇല്ലാതാക്കിയെന്നും കോടിയേരി വ്യക്തമാക്കി. അതിനിടെ, സ്വര്‍ണക്കടത്തുകേസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ഭരണശേഷിയുള്ള ഉദ്യോഗസ്ഥനെന്ന നിലയിലാണ് ശിവശങ്കറെ മുഖ്യമന്ത്രി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന പെരുമാറ്റം ശിവശങ്കറില്‍ നിന്നുണ്ടായി. ഏതെങ്കിലും ഉദ്യോഗസ്ഥനോ മറ്റുള്ളവരോ സ്വയംകുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുള്ള ഒരു കൈയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല. ശിവശങ്കറിനെതിരായ നടപടികളിലൂടെ ഇത് വ്യക്തമാക്കിയിരിക്കുകയാണെന്നും കോടയേരി ലേഖനത്തിലൂടെ പറയുന്നു.

പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പ്പിക്കാന്‍ ഒരു സ്ത്രീയേയും ഐപിഎസ് ഉദ്യോഗസ്ഥരേയും കേന്ദ്രബിന്ദുക്കളാക്കി കഥകളുണ്ടാക്കി. അത്തരമൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. പിണറായി സര്‍ക്കിരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായുണ്ട്. കള്ളക്കഥകള്‍ ചമച്ച്, അരാജകസമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാനാവില്ല. കേരളത്തില്‍ വരുന്ന സ്വര്‍ണത്തിന് ചുവപ്പുനിറമാണെന്ന ബിജെപി ദേശീയ പ്രസിഡന്റിന്റെ പരാമര്‍ശത്തിന്, പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്നും കോടിയേരി ആരോപിച്ചു.

സ്വര്‍ണക്കടത്തിന്റെ മറവില്‍ ഏതെങ്കിലും സമുദായത്തെയോ ജില്ലയേയോ പ്രദേശത്തേയോ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം പ്രവണതകളെ നഖശിഖാന്തം എതിര്‍ക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Story Highlights Kodiyeri Balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top