രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ്

രാജസ്ഥാനിലെ ബലപരീക്ഷണം നിയമസഭയിലേക്ക്. വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബുധനാഴ്ചയോടെ നിയമസഭ വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് പിന്തുണ നല്‍കിയത്തോടെയാണ് വിശ്വാസവോട്ടിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉണ്ടായത്. നാളത്തെ കോടതി നടപടിക്ക് ശേഷമായിരിക്കും അന്തിമതീരുമാനം. പിന്തുണ നല്‍കുന്നവരുടെ പട്ടിക ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.
200 പേരുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 104 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഗെഹ്‌ലോട്ട് സര്‍ക്കാറിന് കഷ്ടിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെങ്കിലും ഭാവിയില്‍ നേരിടാന്‍ പോകുന്ന ഭീഷണിയും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. വിമത എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. സഭയില്‍ രണ്ട് എംഎല്‍എമാര്‍ ഉള്ള സിപിഐഎമ്മിന്റെ പിന്തുണയും കോണ്‍ഗ്രസ് തേടും. അനുനയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് മൂന്നുദിവസമായി നടത്തുമ്പോഴും അന്തിമ തീരുമാനം സ്വീകരിക്കാന്‍ പൈലറ്റ് ഇതുവരെ തയാറായിട്ടില്ല.
ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്നും കടന്നുകളഞ്ഞ എംഎല്‍എമാരെ സൗത്ത് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി മുന്നോട്ടുവച്ച ആവശ്യം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആഭ്യന്തരമന്ത്രാലയം പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here