ശിവശങ്കറിന്റെ വിദേശ യാത്രകളിലും അന്വേഷണം
തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വിദേശയാത്രകളിലും വിശദമായ അന്വേഷണം. ഇത് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ച് തുടങ്ങി. വിദേശത്തേക്ക് നടത്തിയ ഫോൺ വിളികളും അന്വേഷിക്കും. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരിൽ നിന്ന് മാറി മറ്റുള്ളവരുടെ പങ്കിനെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയാണ് കസ്റ്റംസ്. ഇതിന്റെ ഭാഗമായാണ് എം ശിവശങ്കറിലേക്കും അന്വേഷണം നീളുന്നത്. ശിവശങ്കർ കഴിഞ്ഞ ഒന്നര വർഷത്തിനിടെ നടത്തിയ വിദേശ യാത്രകളുടെ വിശദമായ വിവരങ്ങളാണ് കസ്റ്റംസ് തേടുന്നത്. ശിവശങ്കർ നടത്തിയ ചില വിദേശയാത്രകളിൽ കസ്റ്റംസിന് സംശയമുണ്ട്. പാസ് പോർട്ട് രേഖകൾ ഉൾപ്പെടെ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായാണ് വിലയിരുത്തൽ. സാങ്കേതിക, സാഹചര്യ തെളിവുകൾ എൻഐഎക്ക് ലഭിച്ചതായാണ് വിവരം. സ്വർണക്കടത്ത് കേസിൽ പ്രതിയായ സരിത്തിന്റെ മൊഴിയിൽ എം ശിവശങ്കരനുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടിയത്.
Story Highlights – M Shivashankar, Gold smuggling, swapna suresh, Sarith, Sandeep Nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here