സ്വര്‍ണക്കടത്ത്; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം

pinarayi vijyan kanam rajendhran

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. കടലാസ് പദ്ധതികളുമായി വരുന്ന മാരീചരന്‍മാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു. കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളര്‍ച്ചയ്ക്കുമെന്ന പേരിലും ഐ.ടി സഹായത്താല്‍ വെറും കടലാസ് പ്രൊജക്റ്റുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചരന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ പ്രകാശ് ബാബു പറയുന്നു. ടെണ്ടര്‍ ഇല്ലാതെ കോടികളുടെ കരാര്‍ നേടി, അത് മറിച്ചുകൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുവെന്നും, ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. മന്ത്രി കെ.ടി. ജലീലിനെതിരെയും പ്രകാശ് ബാബു ഒളിയമ്പ് എയ്യുന്നുണ്ട്. ചിലര്‍ ചട്ടം ലംഘിച്ച് വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് ജലീലിനെ ലാക്കാക്കി പ്രകാശ് ബാബു എഴുതുന്നത്.

സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളില്‍ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും, അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളില്‍ കൂടി പോലും രക്ഷപ്പെടാന്‍ പാടില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ എല്ലാ നിലപാടുകള്‍ക്കും നിരുപാധിക പിന്തുണ നല്‍കാന്‍ തങ്ങളില്ലെന്ന സൂചനയാണ് ലേഖനത്തിലൂടെ സിപിഐ നല്‍കുന്നത്.

Story Highlights Janayugam, criticizing, left government, cpi, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top