‘സഭാ സമ്മേളനത്തിനിടെയല്ല ഉദ്ഘാടനത്തിന് പോയത്’ തെളിവ് പുറത്തുവിട്ട് സ്പീക്കറുടെ ഓഫീസ്

p sreeramakrishnan

നിയമസഭാ സമ്മേളനം നടക്കുമ്പോൾ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുവെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് സ്പീക്കറുടെ ഓഫീസ്. ദൃശ്യങ്ങൾ സഹിതമാണ് ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ നെടുമങ്ങാടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കർ സഭാ സമ്മേളനത്തിനിടെ പങ്കെടുത്തുവെന്നായിരുന്നു ആരോപണം. സ്പീക്കർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എന്ന ആരോപണം വസ്തുതാപരമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവിട്ട ദൃശ്യങ്ങൾ.

കഴിഞ്ഞ മാസം ഡിസംബർ 31ന് ആയിരുന്നു സംഭവം. 9 മണിക്ക് തുടങ്ങിയ സമ്മേളനം 12.38ന് അവസാനിക്കുന്നത് വരെ സ്പീക്കർ സഭയിലുണ്ടായിരുന്നുവെന്നത് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. പ്രത്യേക സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുകയായിരുന്നു. സർക്കാർ സർവീസിലെ പട്ടിക ജാതി- പട്ടിക വർഗ സംവരണ കാലാവധി നീട്ടുന്നതിനുള്ള പ്രമേയവും നിയമ നിർമ്മാണ സഭകളിലെ ആംഗ്ലോഇന്ത്യൻ പ്രാതിനിധ്യം എടുത്തു കളഞ്ഞതിനെരായ പ്രമേയവും സഭ അന്ന് ചർച്ചയ്‌ക്കെടുത്തു.

Read Also : ജാഗ്രത കുറവുണ്ടായി, സന്ദീപ് നായർ ക്രിമിനലെന്നറിഞ്ഞില്ല ; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

ഒരു മണിക്ക് ഉദ്ഘാടന ചടങ്ങിന് സ്പീക്കർ നെടുമങ്ങാട്ടെത്തി പത്ത് മിനുട്ടിനുള്ളില്‍ മടങ്ങുകയായിരുന്നു. സ്പീക്കർ ഉദ്ഘാടകനായെത്തിയത് സ്ഥലം എംഎൽഎ സി ദിവാകരൻ വിട്ടുനിന്ന ചടങ്ങിലാണ്.

കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന കടയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവുണ്ടായെന്ന് സ്പീക്കർ പറഞ്ഞിരുന്നു. സന്ദീപ് നായർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നു. പൊലീസോ, ഇന്റലിജൻസോ അത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയില്ല. സ്വാഭാവിക കാര്യമെന്ന നിലയിലാണ് പരുപാടിയിൽ പങ്കെടുത്തതെന്നും സ്പീക്കർ ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Story Highlights speaker p sriramakrishnan office, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top