Advertisement

ജാഗ്രത കുറവുണ്ടായി, സന്ദീപ് നായർ ക്രിമിനലെന്നറിഞ്ഞില്ല ; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

July 17, 2020
Google News 1 minute Read

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന കടയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവുണ്ടായെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സന്ദീപ് നായർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നു. പൊലീസോ, ഇന്റലിജൻസോ അത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയില്ല. സ്വാഭാവിക കാര്യമെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും സ്പീക്കർ ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ തന്നെയും സർക്കാരിനേയും പ്രതിരോധത്തിലാക്കുന്ന നടപടികളാണ് പ്രതിപക്ഷം സ്വീകരിച്ചത്. അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു. പ്രതികളുമായി. അടുത്ത ബന്ധമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല. 2019 ഡിസംബർ 31നാണ് കടയുടെ ഉദ്ഘാടനം നടന്നത്. സ്വപ്‌ന സുരേഷ് നേരിട്ട് എത്തിയാണ് ക്ഷണിച്ചത്. കോൺസുലേറ്റ് ജീവനക്കാരി എന്ന നിലയിൽ സ്വപ്നയെ നേരത്തേ അറിയാമായിരുന്നു. അവർക്ക് ബഹുമാനം കൊടുത്തിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. നിർബന്ധിച്ച ശേഷമാണ് പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തതെന്നും സ്പീക്കർ വിശദീകരിച്ചു.

Read Also : സ്വർണക്കടത്ത്; സന്ദീപ് നായർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധം

പ്രതികൾക്കെതിരെ ഏഴ് മാസങ്ങൾക്ക് മുൻപ് ഒരു ആരോപണവുമുണ്ടായിരുന്നില്ല. സന്ദീപ് നായരാണ് സംരഭകൻ എന്ന് പോലും അറിയില്ലായിരുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന് മുൻപും ആളുകൾ സമീപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലെന്ന മുൻധാരണ ഉണ്ടായില്ല. ഇതുമായി ഉയരുന്ന ആരോപണങ്ങൾ പ്രസക്തമല്ലെന്നും സ്പീക്കർ വ്യക്തമാക്കി.

Story Highlights Gold smuggling, P Sreeramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here