സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള കരാര്‍ അട്ടിമറിച്ചു; ബോബി അലോഷ്യസിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്

സര്‍ക്കാര്‍ ഫണ്ട് തട്ടിയ സംഭവത്തില്‍ കായിക താരം ബോബി അലോഷ്യസിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള കരാര്‍ ബോബി അലോഷ്യസ് അട്ടിമറിച്ചതായും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കായികതാരം ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയിരുന്ന അഡ്വ.പിരപ്പന്‍കോട് വി.എസ്.സുധീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഭർത്താവിനെ ശിക്ഷിച്ചു; ബോബി അലോഷ്യസ് ബ്രിട്ടൻ വിട്ടത് ശിക്ഷ ഉറപ്പായതോടെ
വിദേശത്ത് പഠിക്കുന്നതിനായി 2003, 2004, 2006 വര്‍ഷങ്ങളിലായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഞ്ച് ലക്ഷം രൂപ വീതം ആകെ 15 ലക്ഷം രൂപ ബോബി അലോഷ്യസിന് കൈമാറിയിരുന്നു. പഠനം കഴിഞ്ഞ് തിരികെയെത്തി കേരളത്തിലെ കായിക രംഗത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണം എന്നതായിരുന്നു കരാര്‍.
എന്നാല്‍ പണം കൈപ്പറ്റിയെന്നു മാത്രമല്ല, ബോബി അലോഷ്യസ് കരാര്‍ അട്ടിമറിക്കുകയും ചെയ്തതായി നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി തവണ കത്തിടപാടുകള്‍ നടത്തിയെങ്കിലും അതിനോട് ബോബി അലോഷ്യസ് പ്രതികരിച്ചില്ലെന്നും അന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായിരുന്ന അഡ്വ. പിരപ്പന്‍കോട് വി.എസ്.സുധീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : കായിക താരം ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്
കായിക താരത്തിന്റെ ഭാഗത്തുനിന്ന് കരാര്‍ ലംഘനം ഉണ്ടായതോടെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനുള്ള നിര്‍ദേശം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കിട്ടിയിരുന്നു. പണം പലിശ സഹിതം തിരിച്ചുപിടിക്കാനായിരുന്നു നിര്‍ദേശം. പണം എന്തിനൊക്കെ വിനിയോഗിച്ചു എന്നുപോലും അറിയിക്കാതെ ഗുരുതരമായ വീഴ്ചയാണ് കായികതാരം വരുത്തിയതെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമോപദേശത്തിന്മേല്‍ നിയമനടപടികളുണ്ടാകാതിരുന്നതോടെ ബോബി അലോഷ്യസ് രക്ഷപെടുകയും ചെയ്യുകയായിരുന്നു.
Story Highlights – Sports Council, Bobby Aloysius
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here