രാജസ്ഥാനിലെ കോൺഗ്രസ് വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുന്നതിൽ വെള്ളിയാഴ്ച വരെ വിലക്ക്

രാജസ്ഥാനിലെ കോൺഗ്രസ് വിമത എംഎൽഎമാർക്ക് താൽക്കാലിക ആശ്വാസം. അയോഗ്യത നോട്ടീസിൽ വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുന്നതിൽ വെള്ളിയാഴ്ച വരെ സ്പീക്കർക്ക് ഹൈക്കോടതിയുടെ വിലക്ക്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ജയ്പൂരിൽ ചേർന്നു.

പൈലറ്റ് ക്യാമ്പിന് വീണ്ടും ആശ്വാസം നൽകുന്നതാണ് ഹൈക്കോടതിയുടെ നടപടി. ഇന്നലെയും ഇന്നും കേസിൽ വിശദമായ വാദം കേട്ടു.സ്പീക്കറുടെ തിരക്കിട്ട നടപടിക്രമങ്ങൾ കോടതി പരിശോധിക്കണമെന്ന് വിമത എംഎൽഎമാർക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗി വാദിച്ചു. നോട്ടീസിൽ മറുപടി നൽകാൻ സ്പീക്കർ അനുവദിച്ചത് മൂന്നുദിവസം മാത്രമാണെന്നും റോത്തഗി ചൂണ്ടിക്കാട്ടി. തുടർന്ന് നീക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തിൽ എംഎൽഎമാരുടെ പിന്തുണ ഒരിക്കൽക്കൂടി ഗഹ്‌ലോട്ട് ഉറപ്പിച്ചു. ഇരു ക്യാമ്പുകൾക്കും ഒരുപോലെ നിർണായകമായ കാലയളവാണ് ഇത്. എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം പൈലറ്റും, ഗഹ്‌ലോട്ടും നടത്തുന്നുണ്ട്. കുതിരക്കച്ചവട കേസിലെ അന്വേഷണങ്ങളിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് രാജസ്ഥാൻ ഡിജിപി ഹരിയാന ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.

അതേസമയം, രാജസ്ഥാൻ സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണുദത് വിഷ്‌ണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടതും നികുതി വെട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടതും അശോക് ഗഹ്‌ലോട്ടിന് തിരിച്ചടിയാണ്.

Story Highlights -Rasthan rebel MLA, Banned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top