പിഎസ്‌സി നിയമനത്തിലല്ല, പുറംവാതില്‍ നിയമനത്തിലാണു ഇടതു സര്‍ക്കാരിന് റിക്കാര്‍ഡ്: ഉമ്മന്‍ ചാണ്ടി
സംസ്ഥാന സര്‍ക്കാരിന് പിഎസ്‌സി നിയമനത്തിലല്ല, പുറംവാതില്‍ നിയമനത്തിലാണു റിക്കാര്‍ഡെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും നൂറുകണക്കിനു പുറംവാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
‘ ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് പിഎസ്‌സി നിയമനങ്ങളില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതു വസ്തുതാപരമല്ലെന്നും പുറംവാതില്‍ നിയമനത്തിലാണ് റിക്കാര്‍ഡ് ഇട്ടതെന്നും’ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,33,000 പേരെ നിയമിച്ചു റിക്കാര്‍ഡിട്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ യുഡിഎഫ് നാലുവര്‍ഷം കൊണ്ട് 1,42,000 പേരെയും അഞ്ചുവര്‍ഷം കൊണ്ട് 1,58,680 പേരെയുമാണ് നിയമിച്ചത്. പിഎസ്‌സിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് പിഎസ്‌സിയുടെ ലൈവ് ലിസ്റ്റിന്റെ അഭാവത്തിലാണ് പിന്‍വാതില്‍ നിയമനവും അഴിമതിയും നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പിഎസ്‌സി ലിസ്റ്റിന്റെ സാധാരണയുള്ള കാലാവധിയായ മൂന്നുവര്‍ഷം കഴിഞ്ഞാലും പുതിയ ലിസ്റ്റ് വരുന്നതുവരെയോ, പരമാവധി നാലര വര്‍ഷം വരെയോ ലിസ്റ്റ് നീട്ടാന്‍ യുഡിഎഫ് സുപ്രധാന തീരുമാനം എടുത്തു. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനിലക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്‌സി നിയമനം നിഷേധിച്ചത്. ഇത് കേരളത്തിലെ ലക്ഷക്കണക്കിനു അഭ്യസ്തവിദ്യരായ യുവാക്കളോടു കാട്ടിയ കൊടുംചതിയാണെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
Story Highlights – Oommen Chandy with allegations against government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here