സുശാന്തിന്റെ മരണം; ആദിത്യ ചോപ്രയുടേയും സഞ്ജയ് ലീലാ ബൻസാലിയുടേയും മൊഴികളിൽ വൈരുദ്ധ്യം

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ആദിത്യ ചോപ്രയുടേയും സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടേയും മൊഴികളിൽ വൈരുദ്ധ്യം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ ചോപ്ര, സഞ്ജയ് ലീലാ ബൻസാലി, കരൺ ജോഹർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടേയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ബാജിറാവോ മസ്താനിയിലേക്ക് സുശാന്തിനെയാണ് സഞ്ജയ് ലീലാ ബൻസാലി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി യാഷ് ചോപ്ര ഫിലിമിനെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സമയം ആദിത്യ ചോപ്രയുടെ ‘പാനി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി സുശാന്ത് കരാറിൽ ഒപ്പിട്ടിരുന്നു. ഇക്കാരണം കൊണ്ട് സുശാന്തിനെ ബാജിറാവോ മസ്താനിയിലേക്ക് യാഷ് ചോപ്ര ഫിലിംസ് വിട്ടു നൽകിയില്ലെന്നാണ് സഞ്ജയ് ലീലാ ബൻസാലി പൊലീസിൽ മൊഴി നൽകിയത്.
Read Also :അവസാനമായി സുശാന്ത് അഭ്രപാളിയിൽ; ദിൽ ബേച്ചാര ട്രെയിലർ പുറത്തിറങ്ങി
എന്നാൽ ഇതിന് വിരുദ്ധമായി സുശാന്തിന് വേണ്ടി സഞ്ജയ് ലീലാ ബൻസാലി തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു ആദിത്യ ചോപ്ര പൊലീസിൽ നൽകിയ മൊഴി. ‘എംഎസ് ധോണി: ദി അൺ ടോൾഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലേക്ക് സുശാന്തിനെ വിട്ട് നൽകിയിരുന്നു. മറ്റ് സംവിധായകരുമായി സുശാന്ത് പ്രവർത്തിക്കുന്നതിൽ ഒരിക്കലും തടസം നിന്നിട്ടില്ലെന്നും ആദിത്യ ചോപ്ര വ്യക്തമാക്കി. വേർസോവ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ആദിത്യ ചോപ്രയുടെ മൊഴി രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു നിന്നു.
ജൂൺ പതിനാലിയാണ് സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോക്ക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
Story Highlights – Sushant singh rajput, Adithya chopra, Sanjay Leela Bhansali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here