സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കൊഫെപോസ ചുമത്തും

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെയാണ് കൊഫെപോസ ചുമത്തുക. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും. അതേസമയം, ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിക്കും.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികൾക്ക് നിർദേശം നൽകുന്നത്. കൊഫെപോസ പ്രകാരം അറസ്റ്റിലാകുന്ന പ്രതികളെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാം. പ്രതികൾക്ക് അപ്പീൽ നൽകാം. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നൽകേണ്ടത്. ഹൈക്കോടതിയിൽ റിട്ട് ഹർജിയും ഫയൽ ചെയ്യാം. നിവേദനവും ഹർജിയും തള്ളിയാൽ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വരുമാന മാർഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും സ്വപ്നക്ക് പങ്കുള്ളതായി എൻഐഎ കണ്ടെത്തിയിരുന്നു. പ്രതികളെ ഹാജരാക്കിയപ്പോൾ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ഭീകരവാദ പ്രവർത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷിന് പല ബാങ്കുകളിലും പണമിടപാടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

Story Highlights Cofeposa, Gold smuggling case, Swapna suresh, Faizal fareed, Sarith, Sandeep nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top