കൊവിഡിനും കടലിനുമിടയില്‍ ചെല്ലാനത്തുകാര്‍

-/ വി. നിഷാദ്

കൊവിഡിനും കടലിനുമിടയില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയ ചെല്ലാനത്തെ മനുഷ്യരാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായ ഈ മത്സ്യത്തൊഴിലാളികളായിരുന്നു പ്രളയകാലത്തെ നമ്മുടെ സൂപ്പര്‍ ഹീറോസ്. അന്ന് അവരെ ആരും വിളിച്ചതല്ല. തലയ്ക്കുമിതെ വെള്ളം എത്തിയപ്പോള്‍ വള്ളങ്ങളില്‍ പാഞ്ഞെത്തിയതാണ്.

Read Also : ചന്ദ്രനിലേക്ക് വനിതയെ അയ്ക്കാന്‍ ഒരുങ്ങി നാസ; ദൗത്യം 2024 ല്‍

കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരമേഖലയില്‍ കടലാക്രമണം ഇത് ആദ്യമല്ല. കടലിരമ്പുന്ന എല്ലാ രാത്രികളിലും ചെല്ലാനത്ത്കാര്‍ക്ക് ഉറക്കം ഉറയ്ക്കാറില്ല.
ഉപ്പുവെള്ളം എതു നിമിഷവും ആര്‍ത്തിരമ്പിയെത്താം. ഒരായുസിന്റെ സമ്പാദ്യം ഇല്ലാതാവും, എല്ലാ വര്‍ഷം മുറതെറ്റാതെ കടലിരച്ചെത്തുബോള്‍ വീടുകളില്‍ ചിലത് നിലം പൊത്തും, കേടുപാടുകള്‍ സംഭവിക്കും, വീട്ടുപകരണങ്ങള്‍ തുടങ്ങി സര്‍വതും കടലെടുക്കും. നിനച്ചിരിക്കാതെ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഓടിയെത്താന്‍ ചെല്ലാനത്തെയും മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലായിരുന്നു. കാരണം, ഒരായുസിന്റെ സമ്പാദ്യങ്ങളില്‍ വെള്ളം ഇരച്ച് കയറുന്ന സങ്കടം ചെല്ലാനത്തുകാരുടെ കുടെപ്പിറപ്പാണ്.

കൊച്ചി ഹാര്‍ബറിന്റെ നിര്‍മാണ ഘട്ടത്തില്‍തന്നെ ചെല്ലാനം ഉള്‍പ്പെടുന്ന പശ്ചിമ കൊച്ചി തീരമേഖലയില്‍ കടലാക്രമണ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. കൊച്ചി തുറമുഖത്തിന്റെ സ്ഥാപകന്‍ റോബേര്‍ട്ട് ബ്രിസ്‌റ്റോ ഭാവിയില്‍ തെക്കന്‍ തീരങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള കടലാക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളിതുവരെയായി കടലാക്രമണം ചെറുക്കനാവശ്യമായ സ്ഥിരം പ്രതിരോധ സംവിധാനങ്ങള്‍ക്കായി ചെല്ലാനംകാര്‍ മുട്ടാത്ത വതിലുകള്‍ ഇല്ല. കടല്‍ഭിത്തി നിര്‍മാണം പലതവണ കരാറുവരെ എത്തിയെങ്കിലും പലകാരണങ്ങള്‍ കൊണ്ടു മുടങ്ങി. 16 കിലോ മീറ്ററോളം നീണ്ടു കിടക്കുന്ന തീരമേഖലയില്‍ ആവശ്യമായ ഇടങ്ങളില്‍ പുലിമുട്ടുകളും കടല്‍ഭിത്തിയും നിര്‍മിക്കുക എന്നത് മാത്രമാണ് പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം.

ആപത്ത് കാലത്ത് ഓടിയെത്തിവരാണ് ഇന്ന് കൊവിഡിനും വെള്ളത്തിനുമിടയില്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നത്. പുനരധിവാസം അപ്രായോഗികമാണെന്നിരിക്കെ തീരങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്. പത്തുലക്ഷം രൂപ നല്‍കികൊണ്ടുള്ള പുനരധിവസ പദ്ധതികള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതമാര്‍ഗം കൂടി കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് ഇവിടെത്തുകാരുടെ പരാതി. തീരത്ത് 50 മീറ്റര്‍ പരിധിയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവര്‍ത്തിക്കുമ്പോളും ആളുകള്‍ മാറിയാലും തീരം കടലെടുക്കാത്ത സംരക്ഷിക്കേണ്ടെ എന്നാണ് പ്രദേശവാസികളുടെ ചോദ്യം. മാറിമറിയുന്ന കാലാവസ്ഥ കാരണം കടലാക്രമണങ്ങള്‍ ഇനിയുമുണ്ടാവാം പ്രശ്‌ന പരിഹാരത്തിന് സന്ധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകള്‍ ആവശ്യമാണ്. തീരം കാക്കാന്‍ വലിയ പദ്ധതികള്‍ ഉണ്ടാവണം.

Story Highlights covid Sea Attack Chellanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top