റൊട്ടേഷൻ പോളിസി; ബെൻ സ്റ്റോക്സിന് മൂന്നാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചേക്കുമെന്ന് പരിശീലകൻ

England rest Ben Stokes

ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കുമെന്ന് പരിശീലകൻ ക്രിസ് സിൽവർവുഡ്. രണ്ടാം ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ച് ആയിട്ടും ടീമിൽ ഏർപ്പെടുത്തിയിരിക്കുന്ന റൊട്ടേഷൻ പോളിസിയുടെ അടിസ്ഥാനത്തിലാണ് താരത്തിനു വിശ്രമം അനുവദിക്കാൻ ഇംഗ്ലണ്ട് ആലോചിക്കുന്നത്. ആദ്യ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡ് അടക്കമുള്ളവർക്ക് വിശ്രമം അനുവദിച്ച ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സൺ അടക്കമുള്ള മറ്റ് ചിലർക്കും വിശ്രമം അനുവദിച്ചിരുന്നു.

“ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. അദ്ദേഹം എത്രത്തോളം മികച്ച ക്രിക്കറ്റർ ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ഞങ്ങൾ അദ്ദേഹത്തിന് വിശ്രമം അനുവദിക്കാൻ പോവുകയാണ്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി അദ്ദേഹമാണ് ശ്രദ്ധാകേന്ദ്രം. അദ്ദേഹം ആരോഗ്യവാനാണോ എന്ന് ഞങ്ങൾക്ക് ഉറപ്പിക്കണം. ആണെങ്കിൽ അദ്ദേഹം കളിക്കും.”- സിൽവർവുഡ് പറഞ്ഞു.

Read Also : അടിക്ക് തിരിച്ചടി; ‘ബിഗ് ബെൻ’ മുഴങ്ങിയപ്പോൾ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

രണ്ടാം ഇന്നിംഗ്സിൻ്റെ 15ആം ഓവറിൽ റണ്ണപ്പ് പാതിവഴിയിൽ നിർത്തിയ സ്റ്റോക്സ് പിന്നീട് പന്തെറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തു പരുക്കില്ലെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്ന് പരിശീലകൻ അറിയിച്ചു. പരിശീലന സെഷൻ നിരീക്ഷിച്ച് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ടെസ്റ്റിൽ 113 റൺസിനാണ് ആതിഥേയർ വിൻഡീസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയും മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിൻ്റെ വിജയശില്പി. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്.

Story Highlights England considering rest for Ben Stokes in 3rd Test vs West Indies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top