സ്വര്‍ണക്കടത്ത് കേസ്; സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു: രമേശ് ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തായതിന്റെ ദേഷ്യം പ്രതിപക്ഷത്തിന്റെ പുറത്ത് കെട്ടിവയ്‌ക്കേണ്ട. സര്‍ക്കാരിനെതിരായുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആരും കാണരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ഈ മാസം 13 ന് പുതിയ ഉത്തരവിറക്കി. ഇടിമിന്നല്‍ മൂലം നശിച്ച സിസിടിവി നെറ്റ്‌വര്‍ക്ക് സ്വിച്ച് അടിയന്തരമായി മാറ്റുന്നതിന് അനുമതി നല്‍കി. എന്‍ഐഎ പരിശോധനയ്ക്ക് മുന്‍പായി സെക്രട്ടേറിയറ്റിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.
രാജാവിനേക്കാള്‍ വലിയ രാജഭക്തി ചീഫ് സെക്രട്ടറി കാണിക്കേണ്ടതില്ല. സര്‍ക്കാരുമായി ബന്ധമുള്ള എട്ടുപേര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്. അതില്‍ ഒരാള്‍ ഇപ്പോള്‍തന്നെ പ്രതിയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. രണ്ടാമത്തേത് ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയായിരുന്ന സ്വപ്‌ന, മുഖ്യമന്ത്രിയുടെ ഐടി ഫെലോ, സ്പീക്കര്‍, മന്ത്രി, മന്ത്രിയുടെ പിഎ, മന്ത്രിയുടെ ഗണ്‍മാന്‍, അറ്റാഷെയുടെ ഗണ്‍മാന്‍ എന്നിവര്‍ സംശയത്തിന്റെ നിഴലിലാണ്.
സെക്രട്ടേറിയറ്റിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇവരുടെ കൂട്ടാളികള്‍ നീക്കം നടത്തുകയാണ്. അടിയന്തരമായി എന്‍ഐഎ ഈ തെളിവുകള്‍ ശേഖരിക്കണം. അനധികൃത നിയമനങ്ങളെക്കുറിച്ച് പരാതികള്‍ ഉയരുകയാണ്. സെക്രട്ടേറിയറ്റില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെല്ലാം കിന്‍ഫ്ര വഴിയാണ് നടപ്പിലാക്കുന്നത്. കിന്‍ഫ്ര മിന്റ് എന്നൊരു സ്ഥാപനത്തെ ഏല്‍പിച്ചിരിക്കുകയാണ് ഇക്കാര്യങ്ങള്‍. ഈ സ്ഥാപനത്തിന്റെ ഉടമ ആരെന്നത് വ്യക്തമല്ല. സെക്രട്ടേറിയറ്റില്‍ നിയമിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Gold smuggling case Ramesh Chennithala talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here