ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുന്നു: മുഖ്യമന്ത്രി

ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയില്‍ വൃദ്ധജന രോഗിപരിപാലന കേന്ദ്രങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം ഉണ്ടായത് ഗൗരവത്തോടെ കാണേണ്ടതാണ്. തൃക്കാക്കരയിലെ ഒരു കെയര്‍ ഹോമില്‍ 135 അന്തേവാസികളുടെ ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ 40 പേരുടെ റിസള്‍ട്ട് പോസിറ്റീവാണ്. കെയര്‍ഹോമുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. പുറത്തേക്കുള്ള കെയര്‍ഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
പോസിറ്റീവായവരുടെ എണ്ണം കൂടുതലുള്ള കെയര്‍ഹോമുകളില്‍ തന്നെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലന്‍സ് സൗകര്യവും ഉണ്ടാകും. രോഗനിലയില്‍ വ്യത്യാസം കണ്ടാല്‍ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തില്‍ 39 ശതമാനം കിടക്കകളാണ് ഇപ്പോള്‍ വിനിയോഗിച്ചിട്ടുള്ളത്. 47 ശതമാനം ഐസിയു സൗസകര്യവും 26 ശതമാനം വെന്റിലേറ്ററുകളും ഉപയോഗിക്കുന്നുണ്ട്.
പ്രധാന ക്ലസ്റ്ററായ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്. സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കോര്‍പറേഷനിലെ ചില പ്രദേശങ്ങളിലും സമ്പര്‍ക്കം മൂലം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെ 109 എഫ്എല്‍ടിസികളിലായി 5897 പോസിറ്റീവ് കേസുകള്‍ അഡ്മിറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. 24 കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 21 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കൊവിഡ് ആശുപത്രികളിലെ ഐസിയുകളില്‍ ഇന്റന്‍സീവിസ്റ്റുകളുടെ സേവനം കൂടുതലായി ആവശ്യമായി വരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കൂടി സഹകരിച്ചാലെ ഇതിന് പരിഹാരം ഉണ്ടാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Aluva covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here