സാധനങ്ങള്‍ ഏത് രാജ്യത്ത് നിന്നുള്ളതെന്ന് വ്യക്തമാക്കണം; ഇ -കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള നിയമം കര്‍ശനമാക്കി

ഇ – കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വയ്ക്കുന്ന സാധനങ്ങള്‍ ഏത് രാജ്യത്ത് നിന്ന് വരുന്നവയെന്നുള്ള അറിയിപ്പ് ഇ – കൊമേഴ്‌സ് കമ്പനികള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണം. ഇക്കാര്യം നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി.
കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ റൂള്‍സ് 2020 ലാണ് പുതിയ നിര്‍ദേശം. ഇന്ത്യയിലോ വിദേശത്തോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളും സേവനങ്ങളും നല്‍കുന്ന ഇ കൊമേഴ്‌സ് കമ്പനികള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാകും. നിയമം ലംഘിച്ചാല്‍ 2019 ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഇ കൊമേഴ്‌സ് കമ്പനികള്‍ വില്‍പനയ്ക്ക് വയ്ക്കുന്ന സാധനങ്ങളുടെ മൊത്തം വിലയും മറ്റ് ചാര്‍ജുകളും പ്രത്യേകം പ്രദര്‍ശിപ്പിക്കണം.
അതോടൊപ്പം എക്‌സ്‌പെയറി ഡെയ്റ്റും ഏത് രാജ്യത്ത് നിര്‍മിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് തന്നെ ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും നിയമത്തില്‍ പറയുന്നു. സാധനങ്ങളുടെ റിട്ടേണ്‍, റീഫണ്ട്, എക്‌സ്‌ചേഞ്ച്, വാറന്റി, ഗ്യാരന്റി ഡെലിവറി ആന്‍ഡ് ഷിപ്‌മെന്റ് അടക്കമുള്ള എല്ലാ വിവരങ്ങളും ഉപഭോക്താവിന് നല്‍കണം.
Story Highlights – Government notifies new rules for e-commerce entities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here