പ്രതിപക്ഷം സര്‍ക്കാരിനെതിരെ സംഘടിതമായ നുണപ്രചാരണം നടത്തുന്നു: കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷം സര്‍ക്കാരിനെതിരെ സംഘടിതമായ നുണപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരവും ഉപയോഗിച്ച് ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബിജെപിയും അഴിച്ചുവിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ശത്രുതയോടെയാണ് പെരുമാറുന്നത്. കേരളത്തില്‍ ഇവര്‍ ഒരെമനസോടെ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാവിലെ നടത്തുന്ന പ്രസ്ഥാവന ഉച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ് ഏറ്റുപറയുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന് എതിരായി ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ ഒരെതരത്തില്‍ പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രത വീണ്ടെടുക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇത് കണക്കിലെടുത്ത് ഓരോ പ്രദേശത്തും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണം. വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കണം. ചില പ്രദേശങ്ങളില്‍ സങ്കീര്‍ണമായ സാഹചര്യമുണ്ട്. അത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ശ്രദ്ധ പതിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശക്തമാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Story Highlights kodiyeri balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top