എന്താണ് കൊവിഡിനെതിരെയുള്ള ‘പ്ലാസ്മ’ ചികിത്സ [24 Explainer]

plasma treatment

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നു. ഇതിനിടെയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ പ്ലാസ്മ ചികിത്സ പരീക്ഷിച്ചുതുടങ്ങിയത്. നിലവില്‍ കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്.

എന്താണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ ?

കൊവിഡ് രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായി. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐസിഎംആര്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയനുസരിച്ച് മെഡിക്കല്‍ ബോര്‍ഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്.

കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികള്‍

കൊറോണ വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. ഈയൊരു മാര്‍ഗം പിന്തുടര്‍ന്നാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ കേരളത്തിലും പരീക്ഷിച്ചത്.

ആരില്‍ നിന്ന് പ്ലാസ്മ സ്വീകരിക്കും ?

പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കൊവിഡ് രോഗ മുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രണ്ട് പ്രാവശ്യം കൊവിഡ് നെഗറ്റിവ് ഫലം വന്നതിന് ശേഷം 14 ദിവസം മുതല്‍ നാല് മാസം വരെ പ്ലാസ്മ നല്‍കാവുന്നതാണ്. ഗര്‍ഭിണികളായ സ്ത്രീകളെ പ്ലാസ്മാ ദാനം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

plasma treatment

എങ്ങനെയാണ് പ്ലാസ്മ വേര്‍തിരിക്കുന്നത് ?

ഫ്രസിനിയസ് കോംറ്റെക് മെഷീനിലൂടെ അഫെറെസിസ് ടെക്‌നോളജി മുഖേനയാണ് ആവശ്യമായ പ്ലാസ്മ മാത്രം രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത്. രക്ത ദാതാവില്‍ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടര്‍ച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെന്‍ട്രിഫ്യൂഗേഷന്‍ പ്രക്രിയ വഴിയാണ് പ്ലാസ്മ വേര്‍തിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്. ഇതിലൂടെ ഏറെ രക്ത ദാതാക്കളില്‍ നിന്നുള്ള പ്ലാസ്മ രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്മകള്‍ ഒരു വര്‍ഷം വരെ ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്നു.

ആര്‍ക്കാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത് ?

ശ്വാസതടസം, രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവ്, നൂമോണിയ തുടങ്ങി കാറ്റഗറി സി വിഭാഗത്തിലുള്ള കൊവിഡ് രോഗികള്‍ക്കും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുമാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ രക്ത പരിശോധനയ്ക്ക് ശേഷമാണ് പ്ലാസ്മ നല്‍കുന്നത്. ഇത്തരത്തില്‍ രോഗിയുടെ ശരീരത്തില്‍ എത്തുന്ന പ്ലാസ്മ കൊവിഡ് വൈറസിനെ തുരത്താന്‍ സഹായിക്കുന്നതാണ്.

plasma treatment

എന്താണ് പ്ലാസ്മ ബാങ്കുകള്‍ ?

ആവശ്യമായ പ്ലാസ്മ ശേഖരിച്ച് വച്ച് അത്യാവശ്യ രോഗികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പ്ലാസ്മ ബാങ്കുകള്‍ സ്ഥാപിച്ച് വരുന്നത്. മെഡിക്കല്‍ കോളജിന് കീഴിലുള്ള ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ ബ്ലഡ് ബാങ്കിലാണ് ഇതിലുള്ള സൗകര്യമൊരുക്കിയത്. കൊവിഡ് മുക്തരായ ധാരാളം പേര്‍ സ്വമേധയാ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി വന്നിട്ടുണ്ട്. കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായി ഇനിയും കൂടുതല്‍പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ട് വരേണ്ടതുണ്ട്.

Story Highlights What is the plasma treatment, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top