ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി ബൊലേറോയും ബൈക്കും ഇടിച്ചുതെറിപ്പിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; വിഡിയോ

കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ജെസിബി ബൊലേറോ ജീപ്പും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ബൊലേറോയിലെ യാത്രക്കാരും വഴിയരികിലുണ്ടായിരുന്ന ബൈക്ക് യാത്രികനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജെസിബിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണി തൊടുക്കാപ്പ് ഇറക്കത്തില്‍ വച്ചാണ് ജെസിബിയുടെ ബ്രേക്ക് നഷ്ടപ്പെട്ടത്. നിയന്ത്രണംവിട്ട ജെസിബി ബൊലോറോ ജിപ്പിലും വഴിയരികിലുണ്ടായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ ഇല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി റോഡരികിലുള്ളവരെ രക്ഷപ്പെടുത്താന്‍ വേണ്ടി എതിര്‍വശത്തെ മരത്തിലിടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വാഹനം നിയന്ത്രണംവിട്ട് വലത്തോട്ട് തിരിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Story Highlights JCB accident kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top