സര്‍ക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവന്നതിന് രമേശ് ചെന്നിത്തലയോട് സിപിഐഎമ്മിന് പക: ഉമ്മന്‍ ചാണ്ടി

അഴിമതിയിലും സ്വര്‍ണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആര്‍എസ്എസിനും ബിജെപിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാര്‍ത്ഥ്യം കോടിയേരി മറക്കരുത്.
സമീപകാലത്ത് സ്പ്രിംഗഌ, ബെവ്‌കോ, ഇ -മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്കു മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Story Highlights – Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here