സിനിമാ മേഖലയിൽ കള്ളപ്പണ ഇടപാട്; അന്വേഷണം വേണമെന്ന് സിയാദ് കോക്കർ

ചലച്ചിത്ര മേഖലയിൽ കള്ളപ്പണ ഇടപാടുണ്ടെന്ന് വെളിപ്പെടുത്തി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. സിനിമ മേഖലയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണകടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.
സിനിമ മേഖലയിൽ സ്വർണ കള്ളക്കടത്തുകാരുടെ ഇടപെടൽ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണം. ചില നിർമാതാക്കൾ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും സിയാദ് കോക്കർ പറഞ്ഞു.
സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും തുടങ്ങി ചലച്ചിത്ര പ്രവർത്തകരുടെ എൻആർഐ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം വേണം. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സ്വർണ കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും സിയാദ് കോക്കർ ആവശ്യപെട്ടു.
വിദേശത്തുവച്ച് നടന്ന ഷോകളിൽ പങ്കെടുക്കുന്ന താരങ്ങളെ ഏതെങ്കിലും വിധത്തിൽ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കണം. സ്വർണ കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് സിനിമാ മേഖലയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ പ്രമുഖർ രംഗത്തെത്തുന്നത്.
Story Highlights – Gold smuggling, siyad koker, Faizal fareed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here