എറണാകുളം ജില്ലയില്‍ അഞ്ചു സ്ഥലങ്ങളില്‍ കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും

covid test

എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കീഴ്മാട്, ചെങ്ങമനാട്, ചൂര്‍ണിക്കര, എടത്തല പഞ്ചായത്തുകളിലും കളമശേരി മുന്‍സിപ്പാലിറ്റിയിലും കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനാണ് കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഇതിന് പുറമെ കോര്‍പറേഷന്‍ പരിധിയില്‍ മൂന്ന് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്.

കൂനമ്മാവ് കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോണ്‍വെന്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. കൂനമ്മാവ്, ചൊവ്വര, ഫോര്‍ട്ട് കൊച്ചി, ചെല്ലാനം, ചൂണ്ടി, പ്രദേശങ്ങളില്‍ ആണ് ഇന്ന് ആക്റ്റീവ് സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി പരിശോധന നടത്തിയത്. ചെല്ലാനം പ്രദേശത്തു കൂടുതല്‍ റാപിഡ് ടെസ്റ്റുകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ആംബുലന്‍സുകളിലും ഓക്‌സിജന്‍ സപ്ലൈ ഉണ്ടെന്ന് ഉറപ്പാക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ കുട്ടപ്പന്‍, തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Story Highlights covid testing ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top